genji

ലോകസാഹിത്യത്തിലെ തന്നെ ആ ആദ്യത്തെ സമ്പൂർണ നോവലെഴുതിയത് ഒരു സ്ത്രീയാണെന്ന് എത്രപേർക്കറിയാം. സ്ത്രീയെന്നു പറഞ്ഞാൽ വെറും സ്ത്രീയല്ല ഒരു രാജകുമാരിയായിരുന്നു ആ നോവലിസ്റ്റ്. ജാപ്പാനിസ് ഭാഷയിലായിരുന്നു ആ നോവൽ പിറവികൊണ്ടത്. ഹിക്കാര ഗെഞ്ചി എന്ന രാജകുമാരന്റെ കഥയായിരുന്നു നോവലിന്റെ ഇതിവൃത്തം. നായികയോ നോവലെഴുതിയ രാജകുമാരി മുറസാകി ഷിക്കിബുവും. ഗെഞ്ചിയുടെ കഥ (Genji monogatari) എന്നായിരുന്നു നോവലിന്റെ പേര്.

ഫുജിവാറ വംശത്തിൽ ജനിച്ച മുറാസാകി ഷിക്കിബു ബുദ്ധിമതിയും വിദ്യാസമ്പന്നയുമായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് ജപ്പാനിസ് ഭാഷ മാത്രമാണ് പഠിക്കാൻ അനുവാദമുണ്ടായിരുന്നത്. എന്നാൽ മുറസാകി ചൈനീസിലും പ്രാവീണ്യം നേടി. അന്നത്തെ കാലത്ത് സ്ത്രീകൾക്ക് രാഷ്ട്രീയകാര്യങ്ങളൊന്നും തന്നെ എഴുതാനുള്ള അനുവാദമില്ലായിരുന്നു. ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമായിരുന്നു എഴുതാൻ അനുവാദം ഉണ്ടായിരുന്നത്. അതുവരെയില്ലാതിരുന്ന ഒരു സാഹിത്യരൂപമാണ് താൻ എഴുതുന്നതെന്ന് മുറസാകിക്ക് അറിയില്ലായിരുന്നു. ഒരു കഥയായി തുടങ്ങി അത് നീണ്ട് നീണ്ട് നിരവധി അദ്ധ്യായങ്ങളിലൂടെ എഴുത്ത് തുടരുകയായിരുന്നു. അങ്ങനെ, ലോകത്തിലെ തന്നെ ആദ്യത്തെ നോവലുണ്ടായി, അതും പുരുഷന്മാർ അന്ന് വായിച്ചിരുന്നില്ല. പക്ഷെ, സ്ത്രീകളും കുട്ടികളും അത് വായിച്ചു.

രാജകുമാരനായ ഹിക്കാര ഗെഞ്ചിയായിരുന്നു നോവലിലെ നായകൻ. താഴ്ന്ന പദവിയിലുള്ള സ്ത്രീയിൽ ജനിച്ച ഗെഞ്ചിയോട് ചക്രവർത്തിക്ക് ദയ തോന്നുകയും അദ്ദേഹം അവനെ വളർത്തുന്നതുമാണ് നോവലിലെ കഥ. അമ്പത്തിനാല് വാല്യങ്ങളാണ് ഗെഞ്ചിക്കുള്ളത്. അതില്‍ അമ്പത് വാല്യങ്ങളും ഗെഞ്ചിയുടെ വീരകൃത്യങ്ങളെക്കുറിച്ചാണ്. ബാക്കി ഭാഗങ്ങളിലാകട്ടെ ഗെഞ്ചിക്ക് ശേഷമുണ്ടായ കവൊരു എന്ന രാജകുമാരനെ ക്കുറിച്ചാണ് പറയുന്നത്. നാന്നൂറോളം കഥാപാത്രങ്ങളാണ് നോവലിൽ ഉള്ളത്.

അന്ന് ഭാര്യ ഭർത്താക്കൻമാർ ഒരുമിച്ചായിരുന്നില്ല കഴിഞ്ഞിരുന്നത്. വിവാഹജീവിതത്തിന് പുറത്തും ധാരാളം ബന്ധവും പുരുഷന്മാർ നിലനിറുത്തിപ്പോന്നു. ഈ ജീവിതകാഴ്ചകൾ നോവലിൽ കാണാം. ഗെഞ്ചിയുടെ വൈകാരിക ജീവിതമാണ് ഗെഞ്ചിയിൽ ഏറെ പറയുന്നത്. .

genji
GENJI

മുറാസാകി ഷിക്കിബു എന്ന സ്ത്രീ അന്ന് നടത്തിയ ധീരവും വിപ്ലവാത്മകരവുമായ ഒരു ചുവടുവെപ്പായിരുന്നു ഗെഞ്ചി എന്ന നോവൽ.

വെറുമൊരു നോവൽ എന്നതിനുമപ്പുറം പെയിന്റിംഗ്, നാടകം എന്നിവയെ എല്ലാം സ്വാധീനിച്ചു. ആനിമേഷൻ സിനിമകളും സിനിമകളും സ്റ്റേജ് പരിപാടികളും എല്ലാം ഗെഞ്ചിയുമായി ബന്ധപ്പെട്ടുണ്ടായി. പ്രണയവും ജീവിതവുമെല്ലാം നിറഞ്ഞുനിന്ന നോവൽ ജപ്പാനിലെ പെൺകുട്ടികൾ നെഞ്ചിലേറ്റി.