യൂണിവേഴ്സിറ്റി കോളേജിൽ എന്ത് നടക്കുന്നുവെന്നറിയാൻ സിന്ധു ജോയിയുടെ സർട്ടിഫിക്കറ്റ് തനിയ്ക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. സെൻകുമാർ യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളെ കുറിച്ച് അർദ്ധസത്യങ്ങളും കള്ളങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന മുൻ എസ്.എഫ്.ഐ നേതാവ് സിന്ധു ജോയിയുടെ വിമര്ശനത്തോട് പ്രതികരിക്കുകയായിരുന്നു സെൻകുമാർ. 2006ൽ അവിടെ നടന്ന സംഭവങ്ങളെല്ലാം വീഡിയോയിൽ നിന്നും വ്യക്തമാണെന്നും സത്യം അന്നവിടെ ഉണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകയ്ക്ക് അറിയാമെന്നും താൻ എന്ത് അസത്യമാണ് പറഞ്ഞതെന്നും സെൻകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
2006ൽ യൂണിവേഴ്സിറ്റി കോളേജിൽ മുൻപും പൊലീസ് കയറിട്ടുണ്ടെന്ന് കാണിച്ച് സെൻകുമാർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടി നൽകുകയായിരുന്നു സിന്ധു ജോയ്. കോളേജിലെ വിദ്യാർത്ഥി പ്രതിഷേധം കാരണം പൊലീസ് കോളേജിൽ നിന്നും മടങ്ങി പോയിരുന്നുവെന്നും വീഡിയോയിലെ ഒരു കഷണം മാത്രം കാണിച്ച് അൽപ്പത്തം കാണിക്കരുതെന്നും തല കുമ്പിട്ട് സെൻകുമാർ കോളേജിൽ നിന്നും മടങ്ങി പോകുന്ന ചിത്രം അന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നെന്നും സിന്ധുജോയി ടി.പി സെൻകുമാറിനോട് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.
ടി.പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
'സിന്ധു ജോയി എന്താണ് പറഞ്ഞിരുന്നതെന്നു Asianet ഇൽ അന്ന് അവിടെയുണ്ടായിരുന്ന സിന്ധു സൂര്യകുമാറിന് അറിയാം. വീഡിയോയും ഉണ്ട്.
എന്തായാലും യൂണിവേഴ്സിറ്റി കോളേജിൽ എന്ത് നടക്കുന്നു എന്നു ആർക്കും അറിയാൻ സിന്ധു ജോയിയുടെ സര്ടിഫിക്കറ്റു ഇനി ആർക്കും വേണ്ട.
അതു അവിടത്തെ കുട്ടികൾ കൃത്യമായി പറയുന്നുണ്ട്.
187 കുട്ടികൾ അവിടന്നു രക്ഷപ്പെട്ടവർ.
ഞാൻ എന്ത് അസത്യമാണ് പറഞ്ഞതു?'