തിരുവനന്തപുരം: 'തലസ്ഥാനത്ത് പ്രതിഷേധവും മാർച്ചുമൊക്കെ സ്ഥിരം പരിപാടിയാണ്. എങ്കിലും ഒരു നിയന്ത്രണമൊക്കെ വേണ്ടേ. ഇപ്പോൾ ആർക്കും മാർച്ച് നടത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കാമെന്ന അവസ്ഥയാണ്. ജനങ്ങൾക്ക് വഴി നടക്കാൻ പോലുമാകുന്നില്ലല്ലോ ഈശ്വരാ"- നഗരത്തിലെ പ്രതിഷേധ മാർച്ചിനിടെ ബസ് കിട്ടാതെ പെരുവഴിയിലായ യാത്രക്കാരിലൊരാളുടെ ഡയലോഗാണ്. സംഗതി സത്യമാണ്.
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ മാർച്ചുകളുടെ 'സംസ്ഥാന സമ്മേളനമാണ് " നഗരത്തിൽ നടന്നത്. സെക്രട്ടേറിയറ്റിലും പാളയത്തെ യൂണിവേഴ്സിറ്റി ആസ്ഥാനത്തുമൊക്കെ ചെറുതും വലുതുമായ സംഘടനകൾ മാർച്ചുമായി എത്തിയപ്പോൾ ഗതാഗതം താറുമാറായി.
ഇന്നലെ രാവിലെ പത്തു മുതൽ ആറു മണിക്കൂറാണ് നഗരത്തിലെ ഗതാഗതം തടസപ്പെട്ടത്.യൂണിവേഴ്സിറ്റിയിലേക്കെത്തിയത് എ.ബി.വി.പി, കെ.എസ്.യു, എസ്.ഡി.പി.ഐ, യുവമോർച്ച, യൂത്ത് കോൺഗ്രസ്, എ.ഐ.ഡി.എസ്.ഒ തുടങ്ങിയ സംഘടനകളാണ്. അതിനിടയിൽ ലോട്ടറിക്കാരുടെ മാർച്ച് ജി.പി.ഒയിലേക്ക്. കോർപറേഷൻ ഒാഫീസിന് മുന്നിൽ ഡി.സി.സിയുടെ വക പ്രതിഷേധമാർച്ചും ധർണയും വേറെ.
യൂത്ത് കോൺഗ്രസുകാരുടെ മാർച്ച് പി.എസ്.സി ആസ്ഥാനത്തും നടന്നു. സെക്രട്ടേറിയറ്റിന് സമീപം സ്റ്റാച്യു റോഡ് മുതൽ പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ മുൻഭാഗം വരെ രാവിലെ മുതൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. സിനിമയെ വെല്ലുന്ന നാടകങ്ങളാണ് ഇന്നലെ നഗരത്തിൽ അരങ്ങേറിയത്. ഇന്നലെ തലസ്ഥാനത്ത് നടന്ന തെരുവ് നാടകങ്ങളിലൂടെ...
സംവിധാനം : വിവിധ സംഘടനാ നേതാക്കൾ
നടൻ: വരുൺ (പൊലീസിന്റെ ജലപീരങ്കി)
മറ്റ് അഭിനേതാക്കൾ : കേരള പൊലീസ്, പ്രവർത്തകർ
രംഗസജ്ജീകരണം
പ്രതിഷേധ 'പ്രകടനങ്ങൾ" തടയുന്നതിന് എം.ജി റോഡിന് മദ്ധ്യത്തിലായി ഏജീസ് ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് തീർത്തു. യൂണിവേഴ്സിറ്റി ഓഫീസിന് മുന്നിലും ബാരിക്കേഡുണ്ടായിരുന്നു. ഓരോ പ്രധാന ജംഗ്ഷനിലും കനത്ത പൊലീസ് കാവൽ. വാഹനങ്ങൾ സ്റ്റാച്യുവിൽ നിന്ന് ജനറൽ ആശുപത്രി ഭാഗത്തേക്ക് തിരിച്ച് വിട്ടു. പാളയം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ സ്റ്റാച്യു തൊടാതെ തമ്പാനൂരിലേക്കും കിഴക്കേകോട്ടയിലേക്കും തിരിച്ചുവിട്ടു.
ഒന്നാം വേദി : ഏജീസ് ഓഫീസിന് മുൻവശം
സമയം : രാവിലെ 10.30
എസ്.ഡി.പി.ഐ പ്രവർത്തകർ മുഖ്യമന്ത്രിയെയും സർവകലാശാലയെയും എസ്.എഫ്.ഐക്കാരെയും തെറിവിളിച്ചുള്ള മുദ്രാവാക്യങ്ങളുമായി സെക്രട്ടേറിയറ്റിലെ സൗത്ത് ഗേറ്റിൽ നിന്ന് യൂണിവേഴ്സിറ്റി കോളേജിലേക്ക് യാത്ര തിരിച്ചു.
കഷ്ടിച്ച് എഴുപത്തഞ്ച് പേരെയുള്ളു. പ്രവർത്തകരെ ഏജീസ് ഓഫീസിന് മുന്നിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടളയുടെ നേതൃത്വത്തിൽ ഒരു ചെറിയ പ്രസംഗം.
ഇതിനിടയിൽ ചില പ്രവർത്തകർ ബാരിക്കേഡിൽ അള്ളിപ്പിടിച്ച് തൂങ്ങിക്കിടന്ന് പ്രതിഷേധിച്ചു. ഇതോടെ ജലപീരങ്കിയെത്തി. രണ്ട് റൗണ്ട് വെള്ളം ചീറ്റി. ഉരുണ്ട് വീണ നേതാക്കൾ ഒത്തുകൂടി ചീറിയടുത്തെങ്കിലും വീണ്ടും ജലപീരങ്കി. പ്രവർത്തകർ 11 മണിയോടെ സ്ഥലംവിട്ടു.
വേദി രണ്ട്: പാളയം രക്തസാക്ഷി മണ്ഡപം
സമയം: രാവിലെ 10.30
എസ്.എഫ്.ഐയെ ഉന്മൂലനം ചെയ്യണമെന്ന് ആക്രോശിച്ച് എ.ഐ.ഡി.എസ്.ഒയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രതിഷേധം ആരംഭിച്ചു. സെക്രട്ടേറിയറ്റായിരുന്നു ലക്ഷ്യം. അംഗബലം പതിനഞ്ചിൽ താഴെ മാത്രം. മാർക്കറ്റിന് മുൻവശത്തെത്തിയതോടെ സ്പെൻസർ ജംഗ്ഷനിൽ ജലപീരങ്കി പ്രയോഗമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ
വി.ജെ.ടി ഹാളിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. അങ്ങേ തലയ്ക്കൽ നിന്ന് എസ്.ഡി.പി.ഐ പ്രതിഷേധം അവസാനിച്ചെന്ന് പൊലീസ് അറിയിച്ചതോടെ മുദ്രാവാക്യങ്ങളുമായി അവരും സെക്രട്ടേറിയറ്റിന് മുന്നിലേക്ക്. എം.ജി റോഡിലെ പൊലീസ് ബാരിക്കേഡിന് സമീപത്തെ ചെറിയ വിടവിലൂടെ യാതൊരു പരാതിയുമില്ലാതെ പ്രവർത്തകർ നുഴഞ്ഞിറങ്ങി സെക്രട്ടേറിയറ്റിലേക്ക് പോയി.
വേദി മൂന്ന് : പി.എസ്.സി ആസ്ഥാനം
സമയം : രാവിലെ 11
ക്രിമിനൽ കേസിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർക്ക് പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനം ഉപരോധിച്ചു. പി.എസ്.സി ആസ്ഥാന മന്ദിരത്തിന്റെ കവാടത്തിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പിന്നീട് പി.എസ്.സി ചെയർമാന് പരാതി നൽകാനുള്ള പ്രവർത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു.
വേദി നാല് : ഏജീസ് ഓഫീസിന് മുൻവശം
സമയം : ഉച്ചയ്ക്ക് 12
എസ്.എഫ്.ഐക്കെതിരെ യുവമോർച്ച പ്രവർത്തകരുടെ മാർച്ച്. സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് യൂണിവേഴ്സിറ്റി കോളേജ് ലക്ഷ്യമാക്കി അൻപതോളം പേരുണ്ട്. പ്രസംഗത്തിനൊന്നും നിൽക്കാതെ ബാരിക്കേഡുമായി അവർ പിടിവലി ആരംഭിച്ചു. ഒരു പ്രവർത്തകൻ കൂറ്റൻ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പതാക വീശാനും തുടങ്ങി. ഒപ്പം മറ്റുള്ളവർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗം. പ്രവർത്തകർ റോഡിന്റെ പലഭാഗത്തേക്ക് തെറിച്ചു. ഒരാൾക്ക് പരിക്കേറ്റു. ആംബുലൻസ് വന്നു, പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളംചീറ്റലും പലപ്രാവശ്യം നടന്നു. ഇതോടെ സമീപത്ത് പെട്രോൾ പമ്പുണ്ടെന്ന് കൂടി പരിഗണിക്കാതെ പൊലീസ് ടിയർ ഗ്യാസും പൊട്ടിച്ചു. ഇതോടെ പ്രവർത്തകർ ഒരു പ്രസംഗം കൂടി നടത്തിയശേഷം സ്ഥലംവിട്ടു.
വേദി അഞ്ച് : യൂണിവേഴ്സിറ്റി ഓഫീസ്
സമയം: ഉച്ചയ്ക്ക് 1.45
ഡി.സി.സി ഓഫീസിൽ നിന്ന് മുദ്രാവാക്യവുമായി യൂണിവേഴ്സിറ്റി ഓഫീസ് ലക്ഷ്യമാക്കി കെ.എസ്.യു പ്രവർത്തകരുടെ മാർച്ച്. അംഗസംഖ്യ മുപ്പതിൽ താഴെ. സമാധാനപൂർവം ആദ്യം പ്രസംഗം. ശേഷം ബാരിക്കേഡിനെ തള്ളിയിടാനുള്ള ശ്രമം.
വരുൺ വെള്ളം ചീറ്റി. ചിലർക്ക് ബോധക്ഷയമുണ്ടായി. ശേഷം പൊലീസ് വണ്ടിയെത്തി. ഓരോരുത്തരെയായി വാഹനത്തിലേക്ക് കയറ്റിക്കൊണ്ട് പോയി.
വേദി ആറ് : യൂണിവേഴ്സിറ്റി കോളേജ്
സമയം : വൈകിട്ട് 3
കോളേജിലെ യൂണിറ്റ് റൂമിൽ നിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് കിട്ടിയെന്നറിഞ്ഞ് കെ.എസ്.യു നേതാക്കൾ കോളേജ് കാമ്പസിൽ കയറി പ്രതിഷേധിച്ചു. ചെറിയതോതിൽ വാക്ക് തർക്കം. നേതാക്കളെ കൊണ്ടുപോകാൻ പൊലീസ് വാഹനമെത്തി.
ശുഭം
ദോഷം പറയരുതല്ലോ. വിവിധ പാർട്ടി പ്രവർത്തകർ പലയിടങ്ങളിലായി നടത്തിയ പ്രകടനങ്ങൾ കാണാൻ കാഴ്ചക്കാർ ഏറെയുണ്ടായിരുന്നു. ഗതാഗതം നിലച്ചതോടെ പെരുവഴിയിലായ യാത്രക്കാർ ഇതൊക്കെ കാണാതെ പിന്നെന്ത് ചെയ്യാൻ. ചുരുക്കി പറഞ്ഞാൽ നാടകം സൂപ്പർഹിറ്റായിരുന്നു. ഇതൊക്കെ കൊണ്ട് വല്ലതും നടന്നാൽ മതിയായിരുന്നെന്ന് കാഴ്ചക്കാരിലൊരാൾ അടക്കം പറഞ്ഞു.