തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ അനാസ്ഥ കാരണം മാസങ്ങളായി കുടിവെള്ളം ലഭിക്കാതെ കേശവദാസപുരം പോസ്റ്റൽ ആൻഡ് ടെലിഗ്രാം (പി ആൻഡ് ടി) ക്വാർട്ടേഴ്സിലെ ജനങ്ങൾ നട്ടംതിരിയുന്നു. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും മാത്രമാണ് ഇവിടങ്ങളിലെ ജനങ്ങൾക്ക് പൂർണതോതിൽ കുടിവെള്ളം ലഭിക്കുന്നത്. മറ്റ് ദിവസങ്ങളിൽ വളരെ കുറഞ്ഞ തോതിൽ മാത്രമാണ് ഇവർക്ക് വെള്ളം ലഭിക്കുന്നത്.
ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ തന്നെ ഇവിടത്തെ 80 കുടുംബങ്ങളിലെ അഞ്ഞൂറോളം പേർ അക്ഷരാർത്ഥത്തിൽ നരകിക്കുകയാണ്. വീട്ടാവശ്യത്തിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ് പലപ്പോഴും. മാത്രമല്ല, കുടിവെള്ളത്തിന്റെ ദൗർലഭ്യം രാവിലെ സ്കൂളിൽ പോകുന്ന കുട്ടികളെയും ജോലിക്കു പോകുന്നവരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഒരു വർഷത്തോളമായി കേശവദാസപുരത്ത് ഈ പ്രശ്നം തുടങ്ങിയിട്ട്. കേശവദാസപുരത്തെ മെയിൻ ലൈനിലെ പൈപ്പുകളിൽ മതിയായ വെള്ളമില്ലാത്തതാണ് കുടിവെള്ളക്ഷാമത്തിന് ഇടയാക്കിയത്.
കണക്ഷൻ പോയിന്റ് സ്ഥിതി ചെയ്യുന്നത് ഉയർന്ന സ്ഥലത്തായതിനാൽ തന്നെ പൈപ്പ് ലൈനിൽ മർദ്ദം കുറവാണ്. ഇതുകാരണം പൂർണതോതിൽ വെള്ളം പൈപ്പിലെത്തുന്നില്ല. നാട്ടുകാരുടെ പരാതിയെ തുടർന്ന്, പി ആൻഡ് ടി ക്വാർട്ടേഴ്സിന് സമീപത്തെ വിവേകാനന്ദ നഗറിലുള്ള ലൈനിൽ വാൽവ് സ്ഥാപിച്ച് വാട്ടർ അതോറിട്ടി ജലമെത്തിച്ചു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പി ആൻഡ് ടി ക്വാർട്ടേഴ്സിലുള്ളവർക്ക് വെള്ളം കിട്ടുന്നതിനായി വിവേകാനന്ദയിലെ വാൽവ് അടയ്ക്കും. ശേഷിക്കുന്ന ദിവസങ്ങളിൽ വാൽവ് അടച്ച് വിവേകാനന്ദയിലേക്ക് ജലം ലഭ്യമാക്കുന്നതായിരുന്നു രീതി.
എന്നാൽ, ഈ വർഷം ആദ്യത്തോടെ വിവേകാനന്ദ നഗറിലും വെള്ളത്തിന് ക്ഷാമമുണ്ടായി. ഇതോടെ പി ആൻഡ് ടി ക്വാർട്ടേഴ്സിലേക്കുള്ള വാൽവ് തുറക്കാൻ വിവേകാനന്ദയിലെ ജനങ്ങൾ അനുവദിച്ചില്ല. ഇത് പി ആൻഡ് ടി ക്വാർട്ടേഴ്സിൽ സ്ഥിരമായി വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കി. കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടത്തെ ജനങ്ങൾ മുട്ടാത്ത വാതിലുകളില്ല. വാട്ടർ അതോറിട്ടി അധികൃതരാകട്ടെ നിസംഗത തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.