തിരുവനന്തപുരം: പതിറ്റാണ്ടുകൾ കേട്ടു പഴകിയ ഒരു സ്വപ്നം ഈ മണൽതീരത്ത് വേഗത്തിലും പിന്നെ ഇഴഞ്ഞുമെല്ലാം പുരോഗമിക്കുകയാണ്. എങ്കിലും ആ സ്വപ്നം എന്ന് പൂർത്തിയാകും എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ഇല്ല. ഈ ചോദ്യത്തിന് ഒടുവിൽ കിട്ടിയ ഉത്തരമാണ് '2020 ഒക്ടോബർ". അങ്ങനെയാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പോക്ക്. 2020 ഒക്ടോബറിൽ കമ്മിഷൻ ചെയ്താലും പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാകാൻ പിന്നെയും വർഷങ്ങളെടുക്കും.
ഇടയ്ക്ക് കല്ല് ക്ഷാമം കാരണം നിർമ്മാണം മന്ദഗതിയിലായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച പ്രശ്നം പരിഹരിച്ചു. ഇപ്പോൾ ചിറയിൻകീഴ് നഗരൂർ കടവിള ക്വാറിയിൽ നിന്ന് ധാരാളം കല്ല് ഇവിടെയെത്തിക്കുന്നുണ്ട്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ലെറ്റർ ഒഫ് ഇന്റന്റ്, പരിസ്ഥിതി വകുപ്പിന്റെ അനുമതി, പഞ്ചായത്ത് ലൈസൻസ്, കളക്ടറുടെ എൻ.ഒ.സി, മൈനിംഗ് പ്ലാൻ അംഗീകരിക്കാൻ, എക്സ്പ്ലോസീവ് ലൈസൻസ് എന്നിവയെല്ലാം ലഭിച്ചതിനെ തുടർന്നാണിത്.
ആധുനിക സാങ്കേതികവിദ്യയായ നോൺ ഇലക്ട്രിക് സംവിധാനത്തിലൂടെയാണ് പാറ പൊട്ടിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതും ശബ്ദമലിനീകരണം ഇല്ലാത്തതുമാണിത്. മറ്റ് ക്വാറികളിൽ നിന്ന് കല്ലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. പുലിമുട്ട് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന അക്രോപോഡുകളുടെ നിർമ്മാണവും പകുതിയിലേറെയായി. ഓഫീസുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
സ്ലോപ്പ് പ്രൊട്ടക്ഷൻ നിർമ്മാണമാണ് അടുത്ത ഘട്ടം. ബെർത്തിന് സമീപം ചരിഞ്ഞ രീതിയിൽ കരിങ്കല്ലടുക്കിയാണ് സ്ലോപ്പ് പ്രൊട്ടക്ഷൻ നടത്തുന്നത്. ഇതിനു ശേഷമേ ബെർത്തിന് മുകളിൽ കോൺക്രീറ്റ് പാളികൾ സ്ഥാപിക്കാനാകൂ. ഇവയ്ക്കുള്ള കോൺക്രീറ്റിംഗും പുരോഗമിക്കുകയാണ്. അവസാനവട്ട ജോലികൾക്കുള്ള ക്രെയിനുകളും അനുബന്ധ ഉപകരണങ്ങളും തീരത്തെത്തിയിട്ടുണ്ട്. കൂടാതെ പുതിയ ഡ്രഡ്ജറുകളും കരിങ്കൽ നിക്ഷേപിക്കുന്നതിനുള്ള ബോട്ടം ഓപ്പൺ ബാർജുമെത്തി. അക്രോ പോഡ് നിർമ്മാണം പതിനായിരം കഴിഞ്ഞു.
കണ്ടെയ്നർ യാർഡ്, കാർഗോ നിയന്ത്രണ ഉപകരണങ്ങൾ, തുറമുഖ തൊഴിൽ, നാവിക സേനാ സന്നാഹം, വർക്ക്ഷോപ്പുകൾ, അഗ്നിശമനസേന ഓഫീസ്, ജല, വൈദ്യുത സംവിധാനങ്ങൾ, റോഡ്, റെയിൽവേ എന്നിവയുടെ നിർമ്മാണം, തൊഴിലാളികളുടെ കോളനി, പരിസര മലിനീകരണ നിയന്ത്രണമാർഗങ്ങൾ, വേ ബ്രിഡ്ജുകൾ തുടങ്ങിയവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
നിർമ്മാണം : ഒന്നാംഘട്ടം (2015 - 19)
ടെർമിനൽ നിർമ്മാണം, നാവിക, തീരസംരക്ഷണ സേനയ്ക്കുള്ള സജ്ജീകരണങ്ങൾ, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖവും സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളും നടപ്പാക്കും.
രണ്ടാം ഘട്ടം (2024 - 27)
എഴുനൂറോളം മീറ്റർ തുറമുഖം അധികമായി വികസിപ്പിക്കും
മൂന്നാം ഘട്ടം (2034-37)
ഹാർബർ ഏരിയ വികസന പദ്ധതികൾ, ബ്രേക്ക് വാട്ടർ നിർമ്മാണം, തുറമുഖ അടിസ്ഥാന സൗകര്യ വികസനം
റെയിൽ പാതയെത്തും
പദ്ധതി പ്രദേശവുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പാതയുടെ രൂപരേഖ തയ്യാറാക്കുന്നതിന് 10.67 കോടിയുടെ പദ്ധതിക്ക് കൊങ്കൺ റെയിൽ കോർപറേഷന് അനുമതി ലഭിച്ചു. അധികം ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കുന്നതിന് ഭൂഗർഭ പാതയ്ക്കാണ് സാദ്ധ്യത. അങ്ങനെയായാൽ തെക്കൻ മേഖലയിലെ ആദ്യ ഭൂഗർഭ റെയിൽവേ പാതയായി വിഴിഞ്ഞം മാറും.
ബാലരാമപുരം മുടവൂർപ്പാറ മുതൽ തുറമുഖ നിർമ്മാണ പ്രദേശം വരെയുള്ള 12 കിലോമീറ്റർ ദൂരം ഒറ്റവരിയായാണ് വരുന്നത്. ബാലരാമപുരത്തു നിന്ന് പാത രണ്ടായി തിരിയും. ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും എത്തുന്ന വിധവുമാണ് രൂപരേഖ തയ്യാറാക്കുന്നത്.
തുറമുഖത്തേക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിക്കായുള്ള കൂറ്റൻ ടാങ്കുകളുടെ നിർമ്മാണവും തുടരുകയാണ്. നിർമ്മാണ സ്ഥലത്തേക്കാവശ്യമായ 11 കെ.വി ലൈനും പൂർത്തിയായി. 35 മെഗാവാട്ടിന്റെ 220 കെ.വി ലൈൻ നിർമ്മാണവും തുടരുകയാണ്.
ബാലരാമപുരം മുതൽ വിഴിഞ്ഞം വരെയുള്ള 10.77 കിലോമീറ്റർ റെയിൽവേ പാതയുടെ സർവേ പൂർത്തിയായി. ഇതിൽ 9 കിലോമീറ്റർ തുരങ്കത്തിലൂടെയായിരിക്കും.
പാഴായ ആയിരം ദിവസം
1000 ദിവസം കൊണ്ട് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കുമെന്നായിരുന്നു അദാനിയുടെ വാക്ക്. എന്നാൽ അത് നടപ്പായില്ല. ഓഖിയും പ്രളയവും കരിങ്കൽ ലഭ്യത കുറഞ്ഞതുമെല്ലാം തുറമുഖ നിർമ്മാണത്തിന് തടസമായി. 2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.