വിവിധ മരങ്ങളും ചെറിയ ചെടികളുമൊക്കെ വളർന്നു നിൽക്കുന്നതിനെയാണ് വനം എന്ന് പറയുന്നത്. ഭൂമിയിലെ ജൈവ മണ്ഡലത്തിന്റെ പ്രധാനപ്പെട്ട ആവാസ വ്യവസ്ഥയാണ് വനം. ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് വനങ്ങൾ അത്യന്താപേക്ഷിതമാണ്
നിത്യഹരിതവനങ്ങൾ
വർഷം മുഴുവൻ പച്ചപ്പ് നിലനിൽക്കുന്ന വനങ്ങളാണിവ. ഇവിടെയുള്ള മരങ്ങളുടെ ഇലകൾ പൊഴിയുന്നതിനോടൊപ്പം തന്നെ പുതിയ ഇലകൾ ഉണ്ടാകുന്നു. ഇതിനാലാണ് എപ്പോഴും പച്ചപ്പ് നിലനിറുത്താൻ ഇവയ്ക്ക് കഴിയുന്നത്. നിരവധി തരം വൃക്ഷങ്ങളാൽ സമ്പന്നമാണ് നിത്യഹരിത വനങ്ങൾ. ഒരേതരം വൃക്ഷങ്ങൾ കൂട്ടത്തോടെ വളരുന്നത് കുറവായിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് മഴക്കാടുകൾ കൂടുതലായും കാണപ്പെടുന്നത്. വൃക്ഷ വൈവിധ്യങ്ങൾ നിറഞ്ഞയിടമാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. സുപ്രധാന ജൈവ മേഖലയാണ് ഉഷ്ണമേഖലാ മഴക്കാടുകൾ.
അർദ്ധനിത്യഹരിതവനം
നിത്യഹരിത വൃക്ഷങ്ങളും ഇലപൊഴിക്കുന്ന മരങ്ങളും വളരുന്ന വനമേഖല. മഴക്കാടുകളെ അപേക്ഷിച്ച് മഴയും നനവും കുറവാണ്. കാടിനുള്ളിൽ പുല്ലുകളുണ്ടായിരിക്കും. വന്യമൃഗങ്ങൾ മഴക്കാടുകളിലുള്ളതിനെക്കാൾ കുറവാണ്. ഒരിക്കലും വറ്റാത്ത നീരുറവകളാണ് പ്രത്യേകതകൾ.
പുൽമേടുകൾ
പ്രധാനമായും പുല്ലുകൾ വളർന്നു നിൽക്കുന്നയിടമാണിത്. ചോലവനങ്ങളും കുറ്റിക്കാടുകളും ഇതിനൊപ്പം കാണാറുണ്ട്. ആർട്ടിക്ക അന്റാർട്ടിക്ക എന്നിവിടങ്ങളൊഴികെ ബാക്കി എല്ലായിടത്തും പുൽമേടുകൾ വളരുന്നുണ്ട്. പുല്ലുതിന്ന് ജീവിക്കുന്ന ജീവികളെയാണ് ഇവിടെ പ്രധാനമായും കാണാൻ കഴിയുന്നതെങ്കിലും കഴുതപ്പുലി, പുള്ളിപ്പുലി, പുലി എന്നിവയും ഇവിടെ വസിക്കുന്നവയാണ്. കേരളത്തിലും പുൽമേടുകളുണ്ട്. ഇരവികുളം ദേശീയോദ്യാനം, വാഗമൺ എന്നിവ ഉദാഹരണങ്ങളാണ്. നീലക്കുറിഞ്ഞി പുൽമേടുകളിൽ മാത്രം കാണപ്പെടുന്ന ചെടിയാണ്.
പ്രധാനപ്പെട്ട ചില മഴക്കാടുകൾ
ആമസോൺ മഴക്കാടുകൾ.
ആമസോൺ പ്രദേശത്ത് പടർന്നു കിടക്കുന്ന വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണിത്.
ഇതിന്റെ 60 ശതമാനം ബ്രസീലിലും ബാക്കി പെറു, കൊളംബിയ എന്നിവിടങ്ങളിലുമായി ആകെ 9 രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്നു. വെനിസ്വേല, ബൊളീവിയ, ഇക്വഡോർ, ഗയാന, ഫ്രഞ്ച് ഗയാന എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
6 കോടി ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഇതിന്റെ കിഴക്കാണ് ശാന്തമഹാസമുദ്രം.
ഉയർന്ന തോതിലുള്ള മഴ, ഈർപ്പം എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. ലക്ഷക്കണക്കിന് ജീവി വിഭാഗങ്ങൾ ഇവിടെയാണ്. പലതിനെയും ശാസ്ത്രലോകം ഇന്നും തിരിച്ചറിഞ്ഞിട്ടില്ല.
സൈലന്റ് വാലി
കേരളത്തിലെ ഏക നിത്യഹരിത വനമാണ് സൈലന്റ് വാലി. ഇത് ദേശീയോദ്യാനമാണ്. പുരാണങ്ങളിൽ സൈരന്ധ്രി വനം എന്ന് വിളിക്കുന്നു. ജൈവജാലങ്ങളാൽ സമ്പുഷ്ടമായ ഇവിടെ ചീവിടുകളില്ല. അതിനാൽ ഇതിനെ നിശ്ശബ്ദ താഴ്വര എന്നർത്ഥമുള്ള സൈലന്റ് വാലി എന്ന് വിളിച്ചു. സിംഹവാലൻ കുരങ്ങ് ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. നിരവധി തദ്ദേശീയ ജന്തുജാലങ്ങൾ കാണപ്പെടുന്ന സൈലന്റ് വാലിയിൽ ആദിവാസി ഗോത്ര വർഗ്ഗങ്ങളും താമസിക്കുന്നു.
കുന്തിപ്പുഴ സൈലന്റ് വാലിയിലൂടെ ഒഴുകുന്നു. കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്ത് അണക്കെട്ട് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പരിസ്ഥിതി പ്രത്യാഘാതകാരണം സർക്കാരിനെ പരിസ്ഥിതി സ്നേഹികൾ പിന്തിരിപ്പിച്ചു.
കണ്ടൽക്കാടുകൾ
കാട് എന്നാൽ ഉയരത്തിൽ വളരുന്ന ധാരാളം മരങ്ങളുള്ള പ്രദേശമായാണ് നാം സങ്കൽപ്പിക്കുക. അഴിമുഖങ്ങളിൽ വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്നതാണ് കണ്ടൽക്കാടുകൾ. കണ്ടൽച്ചെടികളും അവയുടെ കൂടെ വളരുന്ന കണ്ടലിതേര സസ്യങ്ങളും ചേർന്നതാണ് കണ്ടൽക്കാടുകൾ. ചതുപ്പ് നിലങ്ങളാണ് ഈ കാടുകളുടെ പ്രത്യേകത. ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്നമായ പ്രദേശമാണ് കണ്ടൽക്കാടുകൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടാണ് ബംഗാളിലെ സുന്ദരവനം.
ഉപ്പ് വെള്ളത്തിൽ വളരുന്ന ചെടികളാണ് കണ്ടൽച്ചെടികൾ. ശിഖരങ്ങളിൽ നിന്ന് താഴേക്ക് വളരുന്ന വേരുകളാണ് ഈ ചെടികളുടെ പ്രത്യേകത. അതിനാൽ അന്തരീക്ഷത്തിൽ നിന്നും പ്രാണവായു സ്വീകരിക്കാൻ ഇവയ്ക്ക് കഴിയുന്നു.
പശ്ചിമഘട്ട മലനിരകൾ
അറബിക്കടലിനു സമാന്തരമായി ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറ് കാണപ്പെടുന്ന മലനിരകൾ. ഇന്ത്യയിലെ ഏറ്റവും ജൈവസമ്പന്നമായ ഭാഗമാണ് പശ്ചിമഘട്ട മലനിരകൾ. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇതിൽ നിത്യഹരിത വനങ്ങൾ കാണപ്പെടുന്നു. ലോകത്തിലെ തന്നെ ജൈവ പ്രാധാന്യമുള്ള കേന്ദ്രമാണിത്.
ഇന്ത്യയിൽ ഹിമാലയം കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി. പശ്ചിമ ഘട്ടത്തിലാണ് - ആനമുടി. നിരവധി നദികൾ ഉത്ഭവിക്കുന്നത് പശ്ചിമ ഘട്ടത്തിൽ നിന്നാണ്. കേരളത്തിലെ എല്ലാ നദികളുടെയും ഉത്ഭവം പശ്ചിമഘട്ടത്തിൽ നിന്നാണ്. നിരവധി വെള്ളച്ചാട്ടങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവ ഇവിടെയുണ്ട്.
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി നിയന്ത്രിച്ച് കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മഴ ലഭ്യമാകുന്നതിന് കാരണം പശ്ചിമഘട്ടമാണ്.
നിരവധി തദ്ദേശീയ ഇനം ജീവജാലങ്ങളാൽ സമ്പന്നമാണിവിടം. സിംഹവാലൻ കുരങ്ങിനെപ്പോലുള്ള ജീവികൾ കാണപ്പെടുന്ന ലോകത്തിലെ ഏക പ്രദേശവുമിതാണ്. അതിനാൽത്തന്നെ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളിലൊന്നാണിവിടം.
സാമ്പത്തികമായും പ്രാധാന്യമുള്ള പശ്ചിമ ഘട്ടത്തിൽ നിന്നാണ് വൻതോതിൽ മാംഗനീസ്, ബോക്സൈറ്റ് എന്നിവ ഖനനം ചെയ്യുന്നത്, നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. 2012ൽ യുനസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
കേരളത്തിലെ വനഗവേഷണ കേന്ദ്രം
കേരളത്തിലെ വനഗവേഷണ കേന്ദ്രം തൃശൂരിലെ പീച്ചിയിൽ സ്ഥിതി ചെയ്യുന്നു. വനങ്ങളിലെ ജൈവ വൈവിദ്ധ്യം, വനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഇവിടെ പഠനങ്ങൾ നടക്കുന്നു.
കേരള വനം - വന്യജീവി വകുപ്പ്
കേരളത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന സർക്കാർ വകുപ്പ്.
തിരുവനന്തപുരത്താണ് ഇതിന്റെ ആസ്ഥാനം.
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ
കോട്ടയത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മനുഷ്യ - നിർമ്മിത കാടുകളുണ്ടാക്കാനും പ്ളാന്റേഷനും സഹായം ചെയ്തുവരുന്നു. റബർ, കുരുമുളക്, കൊക്കോ, കശുഅണ്ടി മുതലായ പ്ളാന്റേഷൻ ചെടികൾ വളർത്തുന്നതിന് സഹായം ചെയ്തുകൊടുക്കുന്നു.