തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ ഗവർണർ ഇടപെടുന്നു. കോളേജിലെ സംഘർഷവും തുടർന്നു വന്ന പരീക്ഷാ ഉത്തരകടലാസുകളുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഗവർണർ പി.സദാശിവം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായ അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികളെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മൂന്നാം കോടതി 29 വരെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത്, രണ്ടാം പ്രതി യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം, നാലാം പ്രതി കൊല്ലം പത്തനാപുരം സ്വദേശി അദൈ്വത് മണികണ്ഠൻ (19), അഞ്ചാം പ്രതി കിളിമാനൂർ സ്വദേശി ആദിൽ മുഹമ്മദ് (20), ആറാം പ്രതി നെയ്യാറ്റിൻകര നിലമേൽ സ്വദേശി ആരോമൽ (18) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി ഇജാബിനെ ഞായറാഴ്ച റിമാൻഡ് ചെയ്‌തിരുന്നു.
പ്രതികൾക്കെതിരെ അന്യായമായി സംഘം ചേരൽ, ആയുധങ്ങളേന്തി കലാപമുണ്ടാക്കൽ, മർദ്ദിച്ച് പരിക്കേല്പിക്കൽ, അന്യായമായി തടങ്കലിൽ വച്ച് പരിക്കേല്പിക്കൽ, വധഭീഷണി, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അഖിലിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് ശിവരഞ്ജിത് നെഞ്ചിന് താഴെ കത്തി കുത്തിയിറക്കിയതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അഖിലിന്റെ സുഹൃത്ത് മൂന്നാം വർഷ മലയാളം വിദ്യാർത്ഥി ഉമൈർഖാൻ നേരത്തേ കാന്റീനിൽ ഇരുന്ന് കൊട്ടിപ്പാടിയിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ ഇതിനെ ചോദ്യം ചെയ്യുകയും ഉമൈറിനെ യൂണിയൻ റൂമിൽ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവദിവസം കോളേജിലെ സ്റ്റേജിന് സമീപമുള്ള മരച്ചുവട്ടിൽ ഉമൈറിനെ കണ്ട പ്രതികൾ ക്ലാസിൽ കയറിയില്ലെന്നാരോപിച്ച് തെറിവിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇതിൽ പ്രതഷേധിച്ച് പെൺകുട്ടികൾ അടക്കം കോളേജിന് പുറത്തിറങ്ങാൻ തുനിഞ്ഞപ്പോഴാണ് പ്രതികൾ ആക്രമണം നടത്തിയത്. ഉമൈറിനെ മർദ്ദിച്ച ശേഷം കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നത് കണ്ട് ഭയന്നോടിയ അഖിലിനെ പ്രതികൾ പിന്തുടർന്ന് പിടിച്ചാണ് കുത്തിവീഴ്ത്തിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാൽ അഖിലിന്റെ മൊഴിയെടുക്കാനായിട്ടില്ല.