യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയായ എസ്.എഫ്.ഐ പ്രവർത്തകനെ സ്വന്തം സംഘടനയിലെ നേതാവ് മാരകമായി കുത്തിപരിക്കേൽപ്പിച്ച സംഭവത്തെ കുറിച്ച് പ്രതികരണവുമായി ദീപ നിശാന്ത്. എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയപ്പോൾ ശക്തമായി അപലപിച്ച ദീപ നിശാന്ത് ഉൾപ്പടെയുള്ള സാഹിത്യ സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ യൂണിവേഴ്സിറ്റി കേളേജിലെ സംഭവത്തിൽ മൗനം പൂണ്ടിരിക്കുന്നതിനെ നിരവധി പേർ വിമർശിച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയായിട്ടാണ് ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ എഴുതുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ അറിയാഞ്ഞിട്ടല്ല, അതിനെ കുറിച്ച് എഴുതാഞ്ഞിട്ടു തന്നെയാണെന്നും തന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ ആരുടേയും ഉപദേശം വേണ്ടെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവത്തിൽ സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി ശരിയാണെന്ന് കരുതുന്നതായും അതിലപ്പുറമൊരു ചർച്ചയിൽ വലിയ പ്രസക്തിയുണ്ടെന്ന് കരുതുന്നില്ലെന്നും ദീപ നിശാന്ത് അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പണ്ടത്തെ എസ് എഫ് ഐ ക്കാരിയല്ല.. ഇപ്പോഴത്തെ ഡി വൈ എഫ് ഐ ക്കാരിയുമല്ല.ഇടതുപക്ഷാഭിമുഖ്യമുണ്ട്.പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ അറിയാഞ്ഞിട്ടല്ല. എഴുതാഞ്ഞിട്ടു തന്നെയാണ്. എന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ തൽക്കാലം പുറത്തു നിന്ന് ഉപദേശം എടുക്കുന്നില്ല.
സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചർച്ചയിൽ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചർച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാൻ തൽക്കാലം സൗകര്യമില്ല.
ഇന്നത്തെ പ്രതികരണം കഴിഞ്ഞു. നമസ്‌കാരം.