modi

ന്യൂഡൽഹി: പാർലമെന്റിൽ ഡ്യൂട്ടിക്കെത്താതെ മുങ്ങിയ കേന്ദ്രമന്ത്രിമാരെ കണ്ടെത്തി നടപടിയെടുക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പാർട്ടി നിയമിച്ചിട്ടും അതിൽ വീഴ്‌ച വരുത്തി മുങ്ങിയ മന്ത്രിമാരുടെ പട്ടിക വൈകുന്നേരത്തിനകം തനിക്ക് ലഭിക്കണമെന്ന് മോദി ഇന്ന് നടന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകളില്ലാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് മന്ത്രിമാരോട് മോദി ആവശ്യപ്പെട്ടതായും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി. രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ ഓരോ എം.പിമാരും തങ്ങളുടെ മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേരണമെന്നും മോദി നിർദ്ദേശിച്ചിട്ടുണ്ട്.

മാത്രവുമല്ല ക്ഷയരോഗം, കുഷ്‌ഠരോഗം തുടങ്ങിയവ നിർമാർജ്ജനം ചെയ്യുന്നതിന് പ്രത്യേക ദൗത്യങ്ങൾ ഏറ്റെടുക്കണമെന്നും മോദി പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം തുടക്കത്തിലും പാർലമെന്റ് സമ്മേളനത്തിന് എത്താതെ മുങ്ങിയ പാർട്ടി അംഗങ്ങളെ മോദി ശകാരിച്ചിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വർഗീയയുടെ മകൻ ഉദ്യോഗസ്ഥരോട് അമാന്യമായി പെരുമാറിയ സംഭവത്തിലും മോദി അന്ന് രൂക്ഷവിമർശനം നടത്തിയിരുന്നു. ആരുടെ മക്കളായാലും അത്തരക്കാരെ പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.