1. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 40 കടന്നു. സ്ഥിതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസമില്‍ 10 ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ 15 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
2. ബീഹാറില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ 13 ജില്ലകളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രണ്ടുതവണ ഇവിടെയെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. 24 പേരാണ് ബീഹാറില്‍ ഇതുവരെ മരിച്ചത്. മരണസംഖ്യ ഇവിടെ ഇനിയും ഉയരാന്‍ ആണ് സാധ്യത.
3. രാജ്യത്ത് ഒട്ടാകെ ഏകദേശം 70 ലക്ഷത്തോളം ആളുകളെ പ്രളയെക്കെടുതി ബാധിച്ചെന്ന് സര്‍ക്കാര്‍. അസമില്‍ മാത്രം 83,000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ദിവസം കൂടി സംസ്ഥാനങ്ങളില്‍ മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പ്രളയക്കെടുതി രൂക്ഷമായ സംസ്ഥാനങ്ങളില്‍ എന്‍.ഡി.ആര്‍.എഫിന്റെ ഉള്‍പ്പെടെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
4. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ പി. സദാശിവം വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. പരീക്ഷാ നടത്തിപ്പിലെ പരാതികളെ കുറിച്ചും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസില്‍ ആകെ 16 പ്രതികളെന്ന് പൊലീസ്. ഇനി പിടികൂടാന്‍ ഉള്ളത് 10 പ്രതികളെ. സംഘര്‍ഷത്തില്‍ കോളേജിന് പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുന്നതായി കന്റോണ്‍മെന്റ് പൊലീസ്. കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 7 പേരാണ് നേരത്തെ എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നത്. കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് 6 പേരെ.
5. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കാണും. യൂണിവേഴ്സിറ്റി സംഭവത്തിലാണ് കൂടിക്കാഴ്ച നടത്തുക. ഗവര്‍ണര്‍ നേരിട്ട് അന്വേഷിക്കണം എന്ന് ആവശ്യപ്പെടും. അക്രമസംഭത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യുവും രംഗത്ത് എത്തി. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്‍പിലാണ് കെ.എസ്.യുവിന്റെ നിരാഹാര സമരം.
6. വധശ്രമക്കേസില്‍ തുടര്‍ നടപടിക്ക് നിയമോപദേശം തേടാന്‍ ഒരുങ്ങി പൊലീസ്. നീക്കം, വധശ്രമക്കേസില്‍ റെയ്ഡ് നടന്നതില്‍ സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിന് പിന്നാലെ. കേസിന്റെ സാധ്യത പരിശോധിക്കുന്നത്, സര്‍വകലാശാലയും അന്വേഷണം നടത്തുന്ന പശ്ചാത്തലത്തില്‍. നിയമോപദേശം കൂടി ലഭിച്ച ശേഷമാകും പ്രതി ശിവരഞ്ജിത്തിന് എതിരെ പൊലീസ് കേസ് എടുക്കുക. വ്യാജ രേഖ ചമച്ചത് അടക്കമുള്ള വകുപ്പുകള്‍ പ്രതിക്ക് എതിരെ ചുമത്താനാണ് പൊലീസ് തീരുമാനം.
7. അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം മജിസ്‌ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്‍പ്പിക്കുക. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്, ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടി. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും. ഡോക്ടര്‍മാരുടെ അനുമതി തേടിയതിന് ശേഷമാവും മൊഴിയെടുപ്പ്.
8. സംസ്ഥാനത്ത് ചില ജില്ലകളില്‍ 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 18ന് മലപ്പുറത്തും 19ന് ഇടുക്കി ജില്ലയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചു. ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിചിട്ടുണ്ട്. 19 വരെ അറബിക്കടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.
9. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.