സൂപ്പർ ഹിറ്റ് സിനിമകളിലെല്ലാം മോഹൻലാലിന് കൂട്ടായി വാഹനങ്ങളുണ്ട്.രാവണപ്രഭുവിൽ ടൊയോട്ട പ്രാഡോ, ഉസ്താദിൽ ട്രാവലർ കാരവൻ.ഏറ്റവും ഒടുവിൽ ലൂസിഫറിൽ അംബാസഡറിന്റെ ആദ്യ മോഡലായ ലാൻഡ് മാസ്റ്റർ.ആഡംബര വാഹനങ്ങളിലെ മെഗാതാരമായ ലാൻഡ് ക്രൂസറാണ് ഇപ്പോൾ മോഹൻലാലിന്റെ ഗാരേജിലെ രാജാവ്.ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ്. യു.വിയാണ് ലാൻഡ് ക്രൂസർ.
ഏഴു പേർക്ക് സഞ്ചരിക്കാവുന്ന വാഹനമാണിത്.1.36 കോടി രൂപയാണ് ഈ വി 8 ഡീസൽ വാഹനത്തിന്റെ വില. മുപ്പതുവർഷങ്ങൾക്കുശേഷം മോഹൻലാൽ 2255 എന്ന നമ്പരുമായുള്ള ബന്ധം ലാൻഡ് ക്രൂസർ വാങ്ങിയപ്പോൾ പുതുക്കുകയും ചെയ്തു.കെ എൽ 07 സി ജെ 2255 എന്നാണ് വെളുത്ത നിറമുള്ള കാറിന്റെ രജിസ്ട്രേഷൻ നമ്പർ.സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകനിൽ വിൻസെന്റ് ഗോമസ് എന്ന മോഹൻലാൽ കഥാപാത്രം അഡ്വ.ആൻസിയോട് പറയുന്ന ഡയലോഗാണ് മൈ ഫോൺ നമ്പർ ഈസ് 2255 എന്നത്.ഈ ഡയലോഗ് ഇന്നും സൂപ്പർ ഹിറ്റാണ്.കാറുകൾ സ്വന്തമാക്കുന്നതോടെ തീരുന്നതല്ല മോഹൻലാലിന്റെ കാർ പ്രേമം. ഒാരോ കാറിനും അതിന് അനുയോജ്യമായ ഫാൻസി നമ്പരുകൾ കൂടി തെരഞ്ഞുപിടിച്ചേ സ്വന്തമാക്കൂ.എങ്കിൽ മാത്രമേ ലാലിലെ കാർ പ്രേമിക്ക് തൃപ്തിയാവൂ.കെ.എൽ 07 സി.ജെ 2255 എന്ന നമ്പർ സ്വന്തമാക്കിയതു ലാലിലെ കാർ പ്രേമിയുടെ കഴിവാണ്.ഏറ്റവും ഒടുവിൽ തേടിപ്പിടിച്ച പുതിയ ഫാൻസി നമ്പരാണ് കെ.എൽ 7 സി കെ 7. ഇന്നോവ ക്രിസ്റ്റയ്ക്കു വേണ്ടിയാണ് മോഹൻലാൽ ഇത് സ്വന്തമാക്കിയത്. വെള്ളി നിറമാണിതിന് .
മോഹൻലാലിന്റെ ഗാരേജിൽ നേരത്തേ ഉണ്ടായിരുന്ന വാഹനങ്ങളാണ് ബെൻസിന്റെ എസ് .യു .വി ജി എൽ 350 ,ബെൻസ് എസ് ക്ളാസ് എന്നിവ .മെഴ്സിഡസ് എസ് ക്ളാസ് മോഡൽ മോഹൻലാൽ സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു. കാറിന്റെ രജിസ്ട്രേഷൻ നമ്പർ 5555 ആയിരുന്നു . ഈ വാഹനവും ഇപ്പോഴില്ല. കുടുംബസമേതം യാത്രകൾക്ക് പോകുമ്പോൾ മെഴ്സിഡസ് ബെൻസ് ജി എൽ ക്ളാസ് കാറായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത്തരം യാത്രകൾക്ക് ഇപ്പോൾ ലാൻഡ് ക്രൂയിസറാണ് ഉപയോഗിക്കുന്നത്. ഇടയ്ക്ക് കാട് കയറുന്ന സ്വഭാവമുണ്ടായിരുന്നു താരത്തിന്. ഇത്തരം യാത്രകൾക്ക് ഉപകരിക്കാൻ സ്വന്തമാക്കിയ പജീറോ ഇപ്പോൾ ലാലിന്റെ പക്കലില്ല.
പുതിയ വാഹനങ്ങൾ വിപണിയിൽ ഇറങ്ങുമ്പോൾത്തന്നെ അത് സ്വന്തമാക്കുന്ന ശീലം താരത്തിനില്ല. അങ്ങനെ വീട്ടിലെ ഗാരേജിൽ കയറിയവരാണ് ഒാരോരുത്തരും.ഇപ്പോൾ രണ്ടു പേർ മാത്രം. ടൊയോട്ട ലാൻഡ് ക്രൂസറും ടൊയോട്ട ഇന്നോവ ക്രിസ്റ്റയും. കാർ പ്രേമത്തിന്റെ തെളിവുപോലെയാണ് ലാൽ സിനിമകളിൽ കൂട്ടായി എത്തുന്ന വാഹനങ്ങളും. ഗാരേജിൽ പുതിയ അതിഥി ആരായിരിക്കുമെന്ന് വ്യക്തമല്ല. പക്ഷേ താരം ആ അതിഥിയെ കണ്ണുവച്ചിട്ടുണ്ട്.നറുക്ക് വീഴുന്നത് ആർക്കായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.സൂപ്പർ ഹിറ്റ് സിനിമകളിൽ കൂട്ടായി വരുന്ന ലാൽ വാഹനങ്ങളെ ആരാധനയോടെ കാണുന്നവരാണ് അവർ.'എമ്പുരാനിൽ" ഏതു വാഹനത്തിലാവും മോഹൻലാൽ എത്തുക.വാഹനമുണ്ടെന്ന് ഉറപ്പിച്ച് ആരാധക ലോകം.