കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയ്‌ക്കൽ ആത്മഹത്യ ചെയ്‌തതിന്റെ കാരണം വെളിപ്പെടുത്തി ഡി.വൈ.എസ്.പി വി.എ.കൃഷ്‌ണദാസ് രംഗത്തെത്തി. തന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനംനൊന്താണ് സാജൻ ആത്മഹത്യ ചെയ്‌തതെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് പ്രചാരണങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കൂടുതൽ പരിശോധിക്കേണ്ടിയിരിക്കുന്നു. സംഭവത്തിൽ ആരെയും പ്രതികളാക്കാൻ വേണ്ട തെളിവുകൾ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉയർന്ന സംഭവത്തിൽ നിയമനടപടികൾക്കൊരുങ്ങുകയാണ് സാജന്റെ ഭാര്യ ബീന. നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പൊലീസ് തന്നെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ പ്രചാരണം നടത്തുകയുമാണെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നു മകൾ മൊഴി നല്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതുൾപ്പെടെയാണ് കുടുംബത്തെ വേദനിപ്പിച്ചിരിക്കുന്നത്.
അതേസമയം, കേസിന്റെ അന്വേഷണത്തിലെ വിവരങ്ങളെന്ന പേരിൽ ചിലകാര്യങ്ങൾ പുറത്തായത് അന്വേഷണ സംഘത്തിനെയും അതൃപ്‌തിയിലാക്കിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇതേവികാരം ചില പാർട്ടി പ്രവർത്തകരിലുമുണ്ട്. കേസിൽ അന്വേഷണ നിഗമനം ഏത് രീതിയിലായാലും അത് സോഷ്യൽ മീഡിയയിൽ കൂടിയല്ല കോടതി തീരുമാനമായി പുറത്തുവരുന്നതാണ് ശരിയെന്ന വിലയിരുത്തലിലാണ് ഇവർ. അല്ലാതെ പാർട്ടി പ്രവർത്തകർ നടത്തുന്ന പ്രചാരണം തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് അവർ പങ്കുവയ്ക്കുന്നത്. ഇക്കാര്യത്തിലും പാർട്ടിയിൽ രണ്ടഭിപ്രായം നിലനിൽക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കുടുംബത്തിനെതിരായ പ്രചാരണവും ആയുധമാക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ്. ഇക്കാര്യത്തിലും സമരവുമായി മുന്നോട്ടുപോകാനാണ് നേതാക്കൾ ആലോചിക്കുന്നത്.