തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിഷേധവുമായി കെ.എസ്.യു രംഗത്ത്. കേരള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ വളരെ പണിപെട്ടാണ് പൊലീസ് താഴെ ഇറക്കിയത്. പെൺകുട്ടിയടക്കമുള്ളവരാണ് പ്രതിഷേധവുമായി സർവകലാശാല കെട്ടിടത്തിന് മുകളിൽ കയറിയത്. കേരള സർവ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സർവ്വകലാശാല കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെ.എസ്.യുവിന്റെ പ്രതിഷേധം.
യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐയുടെ അക്രമങ്ങൾക്ക് കൂട്ടു നിൽക്കുന്ന പ്രിൻസിപ്പളിനെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. വൈസ് ചാൻസലുമായി നടത്തിയ ചർച്ച പരാജയപ്പെട്ടെന്നും, പ്രതിഷേധം ശക്തമാക്കുമെന്നും കെ.എസ്.യു വ്യക്തമാക്കി.