mumbai

മുംബയ്: തെക്കൻ മുംബയിലെ ഡോങ്ക്രിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചു. 40 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം, പത്തോളം പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഡോങ്ക്രിയിലെ തണ്ടൽ സ്ട്രീറ്റിൽ അബ്ദുൾ റഹ്മാൻ ഷാ ദർഗയ്ക്കടുത്ത് ഇന്നലെ രാവിലെ 11.40 ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ പത്തുപേരുടെ നില ഗുരുതരമാണ്. തകർന്ന കെട്ടിടത്തിന് 100 വർഷത്തെ പഴക്കമുള്ളതായാണ് വിവരം. മരണസംഖ്യ ഉയരാനാണ് സാദ്ധ്യത. 80ഓളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നതായി പ്രദേശവാസികൾ അറിയിച്ചു.

ദേശീയ ദുരന്തനിവാരണസേനയുടെ മൂന്ന് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ അപകടമുണ്ടായ പ്രദേശത്ത് വൻ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അതേസമയം, കാലപ്പഴക്കം ചെന്ന നിരവധി കെട്ടിടങ്ങളാണ് ഇവിടെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, ഇടുങ്ങിയ വഴികളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. രക്ഷാപ്രവർത്തന സംഘത്തിന് എത്തിപ്പെടാൻ പ്രയാസമായിരുന്നതിനാൽ, തകർന്ന കെട്ടിടാവശിഷ്ടങ്ങൾ ചുമന്നാണ് സ്ഥലത്തുനിന്ന് മാറ്റിയത്.

ലോക എക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് ബംഗ്ലാദേശിലെ ധാക്കയ്ക്കുശേഷം ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് മുംബയ്. ആളുകൾ തിങ്ങിപ്പാർക്കുന്നതും കെട്ടിടങ്ങളുടെ സുരക്ഷിതത്വമില്ലായ്മയാണ് ഇവിടത്തെ പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.