അങ്കാര: മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400ന്റെ നിർമാണത്തിൽ റഷ്യയുമായി സഹകരിക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. എസ്- 400 ഇറക്കുമതി ചെയ്യരുതെന്ന അമേരിക്കയുടെ വിലക്ക് ലംഘിച്ചതിനു പിന്നാലെയാണ് തുർക്കിയുടെ പുതിയ പ്രഖ്യാപനം. 2020ഓടെ എസ് - 400 മായി ബന്ധപ്പെട്ട് റഷ്യയുമായുള്ള കരാർ പൂർണമായി നടപ്പാക്കുമെന്നും ഉർദുഗാൻ വ്യക്തമാക്കി. റഷ്യയുടെ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ഇറക്കുമതി ചെയ്യരുതെന്ന് അമേരിക്ക നേരത്തേ തുർക്കിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ വിലക്ക് വകവയ്ക്കാതെ തുർക്കി എസ്-400 രാജ്യത്തെത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എസ്-400 ന്റെ നിർമാണത്തിലും റഷ്യയുമായി സഹകരിക്കുമെന്ന തുർക്കിയുടെ പ്രഖ്യാപനം. തങ്ങൾ എസ്-400 വാങ്ങരുതെന്നാണ് ചിലർ പറയുന്നത്. എന്നാൽ എസ്-400ന്റെ ആദ്യ ബാച്ച് രാജ്യത്തെത്തിക്കഴിഞ്ഞു- ഉർദുഗാൻ പറഞ്ഞു. റഷ്യയുമായി ആയുധ കരാർ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ രാജ്യത്തിനെതിരെ നടപടിയുണ്ടാകുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കിയുടെ പ്രഖ്യാപനം. അമേരിക്കയുടെ അഞ്ചാം തലമുറയിൽപ്പെട്ട പോർവിമാനങ്ങൾ നൽകാമെന്ന വാഗ്ദാനങ്ങളെ മറികടന്നാണ് തുർക്കി റഷ്യയിൽ നിന്ന് എസ്- 400 വാങ്ങാൻ തീരുമാനിച്ചത്. റഷ്യയിൽ നിന്നു എസ് - 400 വാങ്ങിയാൽ, അത്യാധുനിക പോർവിമാനമായ എഫ്-35 നൽകില്ലെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. തുർക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭീഷണിയുണ്ട്. അമേരിക്ക തുർക്കിക്ക് നൽകുമെന്ന് പറയുന്ന എഫ്- 35 പോർവിമാനങ്ങൾ വരെ എസ്-400 ഉപയോഗിച്ച് തകർക്കാനാകും. ഇതു തന്നെയാണ് അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയും.