safa-and-marwa-

ലണ്ടൻ: ജന്മംകൊണ്ട് മാത്രമല്ല,​ ശരീരംകൊണ്ടും ഒന്നിച്ചുപോയവരായിരുന്നു പാകിസ്ഥാനിൽനിന്നുള്ള സഫയും മാർവയും. എന്നാൽ,​ രണ്ട് വയസു പിന്നിട്ടപ്പോഴേക്കും അവർ 'രണ്ടായി". 2017 ജനുവരിയിൽ പാകിസ്ഥാനിൽ ജനിച്ച ഇരുവരുടെയും തലയോട്ടിയും തലച്ചോറിന്റെ ഭാഗങ്ങളും രക്തക്കുഴലുകളും ഒന്നിച്ചുചേർന്ന അവസ്ഥയിലായിരുന്നു. ബ്രിട്ടനിലെ ആശുപത്രിയിൽ ശസ്തക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഡോക്ടർമാർ ഇന്നലെ അറിയിച്ചതോടെയാണ് ഇരുവരുടെയും കഥ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഫെബ്രുവരിയിലാണ് ശസ്ത്രക്രിയ നടന്നതെങ്കിലും നാലുമാസങ്ങൾക്കുശേഷം ജൂലായ് ഒന്നിനാണ് ഇരുവരും പൂർണസുഖം പ്രാപിച്ച് ആശുപത്രി വിട്ടത്. ലണ്ടനിലെ ഗ്രേറ്റ് ഒർമോണ്ട് സ്ട്രീറ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

സഫയും മാർവയും സയാമീസ് ഇരട്ടകളിൽ തന്നെ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന അവസ്ഥയുള്ളവരായിരുന്നെന്നാണ് ചികിത്സാ ഡോക്ടർമാർ പറയുന്നത്. പത്തുലക്ഷം ജനനങ്ങളിൽ ഒന്ന്. അങ്ങനെയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡേവിഡ് ജെ. ഡുനാവേ പറഞ്ഞത്. മാത്രമല്ല, ഈ അവസ്ഥയോടുകൂടി ഒരു വർഷം ജനിക്കുന്നത് 50 സെറ്റ് ഇരട്ടകളാണെന്നും അതിൽത്തന്നെ 15ഓളം പേർ മാത്രമാണ് ജീവിക്കുന്നതെന്നുമാണ് കണക്കുകൾ.