എസ്.എഫ്.ഐയെ തകർക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്ന് എസ്.എഫ്. ഐ സംസ്ഥാന നേതൃത്വം. എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്, പ്രസിഡന്റ് വി.വിനീഷ് എന്നിവർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവമാദ്ധ്യങ്ങളെ ഉപയോഗിച്ചാണ് എസ്.എഫ്.ഐയ്‌ക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് സച്ചിൻ ദേവ് ആരോപിച്ചു.
എല്ലാ വെല്ലുവിളികളും എസ്.എഫ്.ഐ നേരിടും. സംഘടനയിലെ ചിലർ ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കുന്നില്ല. അവർ നടപടി നേരിടുക തന്നെ വേണം. അതിൽ ഒരു വിട്ടു വീഴ്‌ചയ്‌ക്കും എസ്.എഫ്.ഐ തയ്യാറല്ല. എന്നാൽ രാഷ്‌ട്രീയമായി തങ്ങളെ കീഴ്‌പ്പെടുത്താമെന്നാണ് വിചാരിക്കുന്നതെങ്കിൽ അതിനെ രാഷ്‌ട്രീയമായി തന്നെ നേരിടും, ഇതിനായി ക്യാമ്പസുകൾ തോറും വിദ്യാർത്ഥികളെ അണിനിരത്തുമെന്നും എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഒരു ക്യാമ്പസിലും എസ്.എഫ്.ഐ വിരുദ്ധരായി അവിടുത്തെ വിദ്യാർത്ഥികൾ മാറണമെന്ന് നേതൃത്വത്തിന് ചിന്തിക്കാൻ കഴിയില്ല. എന്നാൽ ക്യാമ്പസിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ നേതൃത്വത്തിന് കഴിയില്ല. അത് യൂണിറ്റ് കമ്മിറ്റിയാണ് ചെയ്യുന്നതെന്നും സച്ചിൻ വ്യക്തമാക്കി.