ന്യൂഡൽഹി: ജനങ്ങൾക്ക് നല്ല റോഡ് വേണമെങ്കിൽ അവർ നിർബന്ധമായും ടോൾ തരണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ടോൾ സമ്പ്രദായം നിർത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും, റോഡുകൾ നന്നാക്കാനായി കേന്ദ്ര സർക്കാരിന്റെ കൈയിൽ ആവശ്യത്തിന് പണമില്ലെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് 40,000 കിലോമീറ്ററിന്റെ ഹൈവേകൾ രാജ്യത്ത് നിർമ്മിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
'നിരക്കുകളിൽ വ്യത്യാസം വരുമെങ്കിലും ടോൾ പിരിക്കുന്നത് തുടരുക തന്നെ ചെയ്യും. ടോൾ സമ്പ്രദായം എന്റെ ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ ആശയമാണ്. നല്ല സേവനം ആവശ്യമുണ്ടെങ്കിൽ ജനങ്ങൾ ടോൾ നൽകണം. സർക്കാരിന്റെ കൈയിൽ ഇതിനായി പണമില്ല.' ഗഡ്കരി ഊന്നി പറഞ്ഞു.
വാഹന ഗതാഗതത്തിനും ഹൈവേകൾക്കും വേണ്ടി ആവശ്യത്തിന് കേന്ദ്ര സർക്കാർ ഫണ്ടുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്‌കരി. ചർച്ചയിൽ, രാജ്യത്ത് ഇപ്പോഴും ജനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതിനെ കുറിച്ച് ഏതാനും ലോക്സഭാ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അപ്പോഴാണ് ടോൾ പിരിക്കുന്നത് കേന്ദ്ര സർക്കാർ തുടരുമെന്നും, ഇങ്ങനെ പിരിച്ചുകിട്ടുന്ന പണം ഗ്രാമീണ മേഖലയിലും, രാജ്യത്തെ ഉയർന്ന പ്രദേശങ്ങളിലുമുള്ള റോഡ് വികസനത്തിന് സർക്കാർ ഉപയോഗിക്കുമെന്നും കേന്ദ്ര മന്ത്രി മറുപടി നൽകിയത്.