എറണാകുളം: കേരളത്തിൽ മഴ ചെയ്യാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രാർത്ഥിക്കണമെന്ന് വെെദ്യുതി മന്ത്രി എം.എം മണി. എന്നാൽ താൻ പ്രാർത്ഥിക്കില്ലെന്നും മണി പാലക്കുഴ പഞ്ചായത്തിൽ ശുദ്ധജല വിതരണ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. 'നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ കട്ടപ്പൊകയാണ്. സർവമത പ്രാർത്ഥന നടത്തിയാലും കുഴപ്പമില്ല. മഴ പെയ്യണം. മഴ പെയ്തില്ലെങ്കിൽ ഞങ്ങൾ ആപത്തിലാണ് എന്നു പറഞ്ഞ് വേണം പ്രാർത്ഥിക്കാൻ'- മന്ത്രി വ്യക്തമാക്കി.
മഴ കുറഞ്ഞാൽ വെെദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്നും അത് ഒഴിവാക്കാനാണ് എല്ലാവരോടും പ്രാർത്ഥിക്കാൻ പറഞ്ഞതെന്നും മണി കൂട്ടിച്ചേർത്തു. എന്നാൽ മന്ത്രി വിശ്വാസികളെ ട്രോളിയതാണെന്നുള്ള തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മണി പ്രസംഗത്തിലൂടെ നടത്തിയത് സർക്കാസമാണെന്നും ചിലർ പറയുന്നു. സ്വതസിദ്ധമായ ശൈലിയിലായിരുന്നു എം.എം മണിയുടെ പ്രസംഗം.
സംസ്ഥാനത്ത് മഴ കുറവായിട്ടും വെെദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിലവിൽ വെെദ്യുതി നിയന്ത്രണത്തിന്റെ ആവശ്യകതയില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവിൽ അണക്കെട്ടുകളിൽ 12 ശതമാനം ജലം മാത്രമാണ് ബാക്കിയുള്ളത്.