kerala-police

തിരുവനന്തപുരം: തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പെരുകുമ്പോൾ അതൊന്നും വകവയ്ക്കാതെ വീണ്ടും അതിക്രമം കാട്ടി കേരള പൊലീസ്. 48 മണിക്കൂർ തുടർച്ചയായി ചെണ്ട കൊട്ടി ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച തിരുവനന്തപുരം രാജാജി നഗർ സ്വദേശി സതീശിനെയാണ് ഇത്തവണ പൊലീസ് തങ്ങളുടെ ക്രൂരതയ്ക്ക് ഇരയാക്കിയത്. സതീഷിനെ അടിവസ്ത്രത്തിൽ നിർത്തി മണിക്കൂറുകളോളം മർദ്ദിച്ച പൊലീസ് ഇയാളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

നിസാര കുറ്റങ്ങൾക്ക് ആരെയും കസ്റ്റഡിയിൽ എടുക്കരുതെന്ന ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ ഉത്തരവ് നിലനിൽക്കെയാണ് പൊലീസ് ഈ അതിക്രമം കാണിച്ചത്. ഒരു ചെണ്ടമേള പരിപാടിയുടെ ചർച്ചകൾ കഴിഞ്ഞ് വഴിയിൽ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്ന സതീഷിനെ നൈറ്റ് പട്രോളിംഗിനായി എത്തിയ വഞ്ചിയൂർ എസ്.ഐയും സംഘവുമാണ് കസ്റ്റഡിയിൽ എടുത്തത്.

രാത്രി പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ചു എന്ന കുറ്റം കാണിച്ചാണ് പൊലീസ് സതീഷിനെ അറസ്റ്റ് ചെയ്തത്. 'നീ പറയനായതിന്റെ നെഗളിപ്പ് കൊണ്ടായിരിക്കും വെള്ളയും വെള്ളയും ഇട്ട് നിൽക്കുന്നത് അല്ലേടാ? എങ്ങനെയൊക്കെ നടന്നാലും പറയൻ പറയൻ തന്നെ!'. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് വഞ്ചിയൂർ പൊലീസ് സതീഷിനെ പിടികൂടിയത്. സംഭവത്തെ തുടർന്ന് സതീഷും കുടുംബവും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൂടി പരാതി നൽകുമെന്നും സതീഷിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.