ന്യൂഡൽഹി: ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബംഗളൂരുവിൽ മിറാഷ് 2000 യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട സ്‌ക്വാഡ്രൻ ലീഡർ സമിർ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോളും വ്യോമസേനയിലേക്ക്. ഇതുമായി ബന്ധപ്പെട്ട നടന്ന സെലക്‌ഷൻ ബോർഡ് പരീക്ഷയിൽ ഗരിമ വിജയിച്ചു. തെലങ്കാനയിലുള്ള ദണ്ടിഗൽ വ്യോമസേന അക്കാഡമിയിൽ പരിശീലനം നേടുന്ന ഗരിമ 2020 ജനുവരിയിൽ സേനയുടെ ഭാഗമാകും. റിട്ട.എയർമാർഷൽ അനിൽ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
''പൈലറ്റാകാൻ എത്രമാത്രം കഷട്പ്പാടുകൾ അദ്ദേഹം സഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അദ്ദേഹത്തെ പോലെ എത്ര സൈനികരാണ് ഓരോ ദിവസവും മരിക്കുന്നത്. ഞാൻ അനുഭവിക്കുന്ന ഈ വേദന മറ്റൊരു സഹോദരിക്കും ഉണ്ടാകരുതെന്ന് അതിയായി ആഗ്രഹിക്കുകയാണ്. എന്റെ ഹീറോ എനിക്കൊപ്പമില്ലാത്ത നാളുകൾ എത്ര ദുഷ്കരമാണെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല. എനിക്ക് എങ്ങനെ അദ്ദേഹത്തെ നഷ്ടപ്പെട്ടു? അതിനുള്ള ഉത്തരം എനിക്ക് അറിഞ്ഞേ തീരൂ. അതിന് ഈ പരീക്ഷ ജയിക്കാതെ മതിയാകില്ലായിരുന്നു."- തന്റെ വ്യോമസേന പ്രവേശനത്തെക്കുറിച്ച് ഗരിമ പറഞ്ഞു.
ഗരിമയുടെ ഭർത്താവ് സമിർ അബ്രോൾ ഫെബ്രുവരി ഒന്നിന് എച്ച്.എ.എൽ വിമാനത്താവളത്തിലുണ്ടായ അപകടത്തിലാണ് മരിച്ചത്. സഹപൈലറ്റായ സിദ്ധാർത്ഥ നാഗിയും അപകടത്തിൽ മരിച്ചിരുന്നു. പറന്നുയർന്ന വിമാനം ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിലാണ് അപകടത്തിൽപെട്ടത്.