റാഞ്ചി: സോഷ്യൽ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് വിചിത്രമായ ശിക്ഷ വിധിച്ച് റാഞ്ചി കോടതി. വിവിധ സ്ഥാപനങ്ങൾക്ക് അഞ്ച് ഖുറാൻ വിതരണം ചെയ്യണമെന്നാണ് കോടതി പെൺകുട്ടിക്ക് നിർദ്ദേശം നൽകിയത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ റിച്ച ഭാരതിയെയാണ് റാഞ്ചി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഈവിധം ശിക്ഷിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് കണ്ട് ജാർഖണ്ഡ് പൊലീസ് റിച്ചയെ അറസ്റ്റ് ചെയ്‌തത്. സോഷ്യൽ മീഡിയയിലൂടെയാണ് റിച്ച ഭാരതി മതവിദ്വേഷം പ്രചരിപ്പിച്ചത്. സംഭവത്തെ തുടർന്ന് റിച്ചയ്ക്ക് വേണ്ടി ഹിന്ദു സംഘടനകൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു, റിച്ചയ്ക്ക് ജാമ്യം അനുവദിക്കണമെന്നും ഇരു ഹിന്ദു, മുസ്ലിം വിഭാഗങ്ങളിലേയും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ഖുറാൻ പുസ്തകങ്ങൾ വിതരണം ചെയ്യാൻ പെൺകുട്ടിക്ക് കോടതി 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നിർദ്ദേശം നടപ്പാകുമെന്ന് റിച്ചയുടെ അഭിഭാഷകൻ റാം പ്രവേശ് കോടതിക്ക് ഉറപ്പും നൽകി. കോടതി വിധിക്കെതിരെ നിരവധി ഹിന്ദു സംഘടനകളും, ബി.ജെ.പിയും കോടതിക്ക് പുറത്ത് പ്രക്ഷോഭം നടത്തി. അൻജുമാൻ ഇസ്‌ലാമിയ കമ്മിറ്റി, സ്‌കൂൾ കോളേജ് ലൈബ്രറികൾ എന്നിവയ്ക്കാണ് റിച്ച ഖുറാൻ നൽകേണ്ടത്.