kerala-police

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കത്തികുത്തിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കന്റോൺമെന്റ് എസ്.ഐ ആയ ബിനുവിനെയാണ് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന് പകരം സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഷാഫിയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥാനത്ത് വരിക.

കഴിഞ്ഞ ഞായറാഴ്ചയാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സർവകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതാൻ നൽകുന്ന പേപ്പറുകളും സീലും കണ്ടെത്തിയത്. എഴുതിയതും എഴുതാത്തുമായ ബുക്ക്‍ലെറ്റുകളാണ് കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും ഇനിയും വ്യക്തമല്ല.

ഇവ വ്യാജമാണോ മോഷ്ടിച്ചതാണോയെന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ പറയാനാകൂവെന്ന് പൊലീസ് പറയുന്നു. പരീക്ഷയിൽ കോപ്പിയടിക്കാനോ മറ്റോ ഇവ ഉപയോഗിച്ചതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. എഴുതിയതും എഴുതാത്തുമായ ബുക്ക്‍ലെറ്റുകളാണ് കണ്ടെത്തിയത്.