merin-joseph

കൊല്ലം:ഓച്ചിറയിൽ പീഡനത്തിനിരയായതിനെ തുടർന്ന് പതിമൂന്നുകാരി ആത്മഹത്യ ചെയ്‌ത കേസിൽ സൗദിയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്‌ത പ്രതിയെ കേരള പൊലീസ് സംഘം അവിടെ ചെന്ന് കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് പ്രതി കൊല്ലം ഓച്ചിറ സ്വദേശി സുനിൽകുമാർ ഭദ്രൻ (39) ആണ് പിടിയിലായത്.

കൊല്ലം പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം റിയാദിൽ എത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

സി. ബി. ഐയുടെ ആവശ്യപ്രകാരം സൗദി ഇന്റർപോൾ മൂന്നാഴ്ച മുമ്പേ സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ പ്രതിയെ പൊലീസ് സംഘത്തിന് കൈമാറി. കൊല്ലം ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എം. അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്.

2010 ൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ ഒപ്പിട്ട കരാർ പ്രകാരമാണ് പ്രതിയെ കൈമാറിയത്.

ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന സുനിൽ കുമാർ 2017 ൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. വിവരം സഹപാഠികൾ വഴി അറിഞ്ഞ അദ്ധ്യാപിക ചൈൽഡ് ലൈനിന്‌ വിവരം കൈമാറി. തുടർന്ന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി. അവിടെ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കിയിരുന്നു.

റിയാദിലേക്ക് മടങ്ങിയ പ്രതിയെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുച്ചിരുന്നു. ഇതോടെ സൗദി ഇന്റർപോൾ പ്രതിയെ പിടികൂടി വിവരം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. പരമാവധി 45 ദിവസമാണ് സൗദി പോലീസിന്‌ പ്രതിയെ കസ്റ്റഡിയിൽ വയ്ക്കാനാകുന്നത്.