കോട്ടയം : മദ്യപിച്ച് ഓട്ടോ ഓടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത കാൻസർ രോഗിയെ പാലാ പൊലീസ് മർദ്ദിച്ചെന്ന് പരാതി. മീനച്ചിൽ കടയംകുളത്തുംമാട്ടേൽ അനിൽ (അഖിൽ -32)ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. അഖിലിന്റെ മൂക്കിലും വായിലും മുറിവും താടിയെല്ലിന് പൊട്ടലുമുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. യാത്രക്കാരെ ഇറക്കി വരുംവഴി വാഹന പരിശോധയ്ക്കിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചില്ലേയെന്ന് ചോദിച്ച് പിഴയടക്കാൻ പറഞ്ഞു. കൈയിലുള്ള പണം കീമോ ചികിത്സയ്ക്കുള്ളതാണെന്ന് പറഞ്ഞെങ്കിലും പൊലീസ് ജീപ്പിൽ കയറ്റുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. മദ്യപിച്ചിട്ടില്ലെന്നും മെഡിക്കൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടപ്പോൾ എ.എസ്.ഐയും സംഘവും മർദ്ദിച്ചു. മൂക്കിലും വായിലും ചോര വന്ന് സെല്ലിൽ കിടത്തിയെന്നും, ഒടുവിൽ വിവരം അറിഞ്ഞെത്തിയ ബന്ധുക്കളെ ഏൽപ്പിക്കുകയായിരുന്നുവെന്നും പറയുന്നു. ആദ്യം പാലാ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ആദ്യം ഡോക്ടർമാർ കാര്യമായ ചികിത്സ നൽകിയില്ല. പിന്നീട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ നേതൃത്വത്തിൽ ആശുപത്രി ഉപരോധിക്കാൻ തുടങ്ങിയപ്പോഴാണ് അഡ്മിറ്റ് ചെയ്തത്. അതേസമയം ബാറിന് സമീപത്തു നിന്നാണ് അനിലിനെ കസ്റ്റഡിയിലെടുത്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും സഹോദരനാണ് ജാമ്യത്തിലെടുത്തതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ എ.എസ്.ഐക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.