pinarayi
pinarayi

തിരുവനന്തപുരം: പൊലീസ് നടപടികൾ സംഘപരിവാർ ഉൾപ്പെടെയുള്ള മതതീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകുന്നവർ പൊലീസിൽ തന്നെയുണ്ടെന്ന് സ്വന്തം വകുപ്പിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുതരമായ വിമർശനം ഉന്നയിച്ചു.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷാന്തരീക്ഷമുണ്ടായപ്പോൾ അതു തടയാനുള്ള പൊലീസ് നടപടികൾ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ തന്നെ തീവ്ര മതാഭിമുഖ്യമുള്ള സംഘടനകൾക്ക് രഹസ്യമായി കൈമാറി. ഇവരുടെ ലക്ഷ്യം പകൽ പോലെ വ്യക്തമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. നിർണായക വിവരങ്ങൾ ചോർന്നത് ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് തടസമുണ്ടാക്കിയെന്നും സർക്കാർ നയത്തിനൊപ്പം നിൽക്കുന്നതിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും മുഖ്യന്ത്രി പറഞ്ഞു.

ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമർശനം. ഈ സീനിയർ ഉദ്യോഗസ്ഥർക്കു പുറമേ സി.ഐ, എസ്.എച്ച്.ഒ വരെയുള്ളയുള്ളവർ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രിയുടെ പ്രഹരം തത്സമയം ഏറ്റുവാങ്ങുകയും ചെയ്തു.

മന്ത്രിസംഘം ശബരിമലയിൽ എത്തിയപ്പോൾ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നാറാണത്തു ഭ്രാന്തനെ പോലെയായിരുന്നു. ഉത്തരവാദിത്വബോധം മറന്ന ഇവർ സ്വന്തം താത്പര്യമനുസരിച്ച് ഓടിനടന്നു. പൊലീസ് എക്കാലവും സർക്കാർ നയത്തിനൊപ്പമായിരിക്കണം. അല്ലാത്തവർക്കെതിരേ കടുത്ത നടപടി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

കസ്റ്റഡി മരണങ്ങളും പീഡനങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറയ്ക്കെതിരെയും പിണറായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കി. പ്രതികളെ മർദ്ദിക്കുന്നത് ചില പൊലീസുകാർക്ക് ഇപ്പോഴും ഹരമാണ്. കസ്​റ്റഡി മർദ്ദനം അനുവദിക്കാനാകില്ല. ഇതു പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാകില്ല. ലോക്കപ്പ് മർദ്ദനവും അനധികൃത കസ്റ്റഡിയും വച്ചുപൊറുപ്പിക്കില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അത്തരം ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പും നൽകി. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ എസ്‌.ഐമാരെ മാ​റ്റി, ഇൻസ്‌പെക്ടർമാരെ സ്​റ്റേഷൻ ഹൗസ് ഓഫിസർമാരാക്കിയിട്ടും പ്രതീക്ഷിച്ച മാറ്റമുണ്ടായില്ലെന്നും, പരാജയം തിരുത്താൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.