ഇന്ത്യ- സിറിയ മത്സരം 1-1ന് സമനിലയിൽ
അഹമ്മദാബാദ് : ആതിഥ്യം വഹിക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ മൂന്നാം മത്സരത്തിലും ജയിക്കാൻ കഴിയാതെ ഇന്ത്യൻ ടീം പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്ത്. ഇന്നലെ അഹമ്മദാബാദിൽ നടന്ന ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ സിറിയയുമായി 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 52-ാം മിനിട്ടിൽ നരേന്ദർ ഗെഹ്‌ലോട്ടിലൂടെ ഇന്ത്യയാണ് ആദ്യം സ്കോർ ചെയ്തത്. 78-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഫിറോസ് അലി ഖാത്തിബാണ് സിറിയയ്ക്ക് വേണ്ടി സമനില ഗോൾ നേടിയത്. സമനില നേടിയെങ്കിലും സിറിയയ്ക്ക് ഫൈനലിലെത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ തജികിസ്ഥാനും ഉത്തരകൊറിയയുമാണ് ഏറ്റുമുട്ടുന്നത്.
ഇന്ത്യ ആദ്യമത്സരത്തിൽ തജികിസ്ഥാനോട് 2-4 ന് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഉത്തരകൊറിയയോട് 2-5നായിരുന്നു തോൽവി.