കൊല്ലം: അഞ്ച് വർഷത്തെ സേവനം ബാക്കി നിൽക്കുന്ന അദ്ധ്യാപകന് 'വിരമിക്കൽ ആശംസ' നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിലെ സുവോളജി അദ്ധ്യാപകനും ഗവേഷകനും സയൻസ് റൈറ്ററുമായ സൈനുദ്ധീൻ പട്ടാഴിക്കാണ് മുഖ്യമന്ത്രിയിൽ നിന്നും ആശംസകളറിയിച്ചു കൊണ്ടുള്ള കത്ത് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെയാണോ തനിക്ക് കത്തയച്ചിരിക്കുന്നത് എന്ന് ഉറപ്പിക്കാൻ സാധിക്കാതെ ആശയക്കുഴപ്പത്തിലാണ് സൈനുദ്ധീൻ പട്ടാഴി.
' താങ്കൾ സർക്കാർ സേവനത്തിൽ നിന്നു വിരമിച്ചു എന്നറിഞ്ഞു. ചെയ്ത സേവനങ്ങൾക്കു നന്ദി പറയട്ടെ. സേവനകാലത്തു നല്ലതും മോശവുമായ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. നല്ല അനുഭവങ്ങളാകും ഏറെയും എന്നു കരുതാം. പൊതുനന്മ ലക്ഷ്യമാക്കി സ്വീകരിച്ച നിയമപരവും മാനുഷികവുമായ ചില നടപടികളുടെ പേരിൽ താങ്കൾ പഴി കേട്ടിട്ടുണ്ടാകാം. മേലുദ്യോഗസ്ഥരോ ജനങ്ങളിൾ ആരെങ്കിലുമോ താങ്കളെ കുറ്റപ്പെടുത്തിയിട്ടുണ്ടാകാം, പ്രശംസിച്ചിട്ടുണ്ടാകാം. ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമായി കരുതണം...വിരമിക്കൽ ഒരിക്കലും ഒരു അവസാനമല്ല, അതൊരു തുടക്കമാണ്. നമുക്കു ചുറ്റും കണ്ണോടിക്കൂ. ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട് ' മുഖ്യമന്ത്രി തന്റെ കത്തിൽ പറയുന്നു.
ഏറെ നാളുകളായി കൊല്ലം എസ്.എൻ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കിയിരുന്ന സൈനുദ്ധീൻ പട്ടാഴി ഈ വർഷം ഏപ്രിൽ 17നാണ് കാര്യവട്ടം കോളേജിൽ സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രവേശിക്കുന്നത്. കാര്യവട്ടം കോളേജിൽ അദ്ധ്യാപകനായി പ്രവേശിക്കുന്നതിന് വേണ്ടി എസ്.എൻ കോളേജിലെ ജോലിയിൽ നിന്നും തനിക്ക് വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രൊഫസർ അപേക്ഷ നൽകുകയും കോളേജിൽ നിന്നും വിടുതൽ നേടുകയും ചെയ്തിരുന്നു. ഇതാവണം മുഖ്യമന്ത്രി വിരമിക്കലായി തെറ്റിദ്ധരിച്ചത്.