തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലേതിന് സമാനമായ ഗുണ്ടായിസം എസ്.എഫ്.ഐ പ്രവർത്തകർ ആർട്സ് കോളേജിലും നടപ്പാക്കുന്നതായി പരാതി. വനിതാ മതിലിൽ പങ്കെടുക്കാത്ത തൈക്കാട് ആർട്സ് കോളേജ് വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. വനിതാ മതിലിൽ പങ്കെടുക്കാത്തതിന് പെൺകുട്ടികളോട് നേതാക്കൾ വിശദീകരണം ചോദിക്കുന്നതും, അവർ നൽകുന്ന മറുപടിയിൽ തൃപ്തരാകാതെ അവരോട് എസ്.എഫ്.ഐക്കാർ തട്ടികയറുന്നതുമാണ് ശബ്ദരേഖയിൽ ഉള്ളത്.
വനിതാ മതിലിന്റെ പരിപാടികളിൽ പങ്കെടുക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിനികളെ എസ്.എഫ്.ഐക്കാർ ചോദ്യം ചെയ്യുന്നത് ഇപ്രകാരമാണ്.
എസ്.എഫ് .ഐ: തിങ്കളാഴ്ച നിങ്ങൾ എവിടെ പോയി?
വിദ്യാർത്ഥിനികൾ: വീട്ടിൽ പോയി. ഉച്ചയ്ക്ക് ശേഷം പൊക്കോളാൻ പറഞ്ഞു. ചോദിച്ചിട്ടാ പോയത്.
എസ്.എഫ് .ഐ: വീട്ടിലോ? ആരോട് ചോദിച്ചിട്ട് പോയി? ഡിപ്പാർട്ട്മെന്റിൽ ചോദിച്ചോ? ഞങ്ങളോട് നിങ്ങൾ ചോദിച്ചോ?ഉച്ചയ്ക്ക് ശേഷം പരിപാടി കഴിഞ്ഞിട്ട് നോക്കാം എന്നാണ് പറഞ്ഞത്. പോകാൻ പറഞ്ഞില്ലല്ലോ?
വിദ്യാർത്ഥിനികൾ: ചേട്ടൻ ഉച്ചയ്ക്ക് ശേഷം പോകാൻ പറഞ്ഞാരുന്നു.
എസ്.എഫ്.ഐ: ഡിപ്പാർട്മെന്റിൽ ചോദിച്ചാടി?(ഒച്ച ഉയരുന്നു) ഡിപ്പാർട്ട്മെന്റിൽ ചോദിച്ചിട്ടാ ഞങ്ങൾ വരുന്നത്. അവിടുന്ന് ഒന്നും പറഞ്ഞില്ല. എന്ന് തുടങ്ങി നിനക്ക് ഡിപ്പാർട്ടുമെന്റുമായി ബന്ധം? നിന്നെയൊന്നും ഈ കോളേജിൽ ഉണ്ടാവുന്നിടത്തോളം വെറുതെ വിടില്ല. ഡിപ്പാർട്ട്മെന്റിൽ ചോദിച്ചിട്ട് ഇറങ്ങി പോകാൻ നിന്നോട് ആര് പറഞ്ഞ്? എന്ന് തൊടങ്ങി ഇതെല്ലാം?
യൂണിവേഴ്സിറ്റി കോളേജിനോട് സമാനമായി ആർട്സ് കോളേജിലെ യൂണിറ്റ് ഓഫീസ് കേന്ദ്രീകരിച്ചാണ് നേതാക്കളുടെ ഈ പീഡനം എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എസ്.എഫ്.ഐക്ക് മാത്രമാണ് ആർട്സ് കോളേജിൽ സംഘടനാ പ്രവർത്തനം ഉള്ളത്. ഇവിടുത്തെ അദ്ധ്യാപകരോട് പരാതിപ്പെട്ടാലും നേതാക്കളുടെ പീഡനത്തിൽ നിന്നും രക്ഷ നേടാനാകില്ലെന്നും ആർട്സ് കോളേജ് വിദ്യാർത്ഥികൾ പറയുന്നു.