ന്യൂഡൽഹി: മുംബയ്-ഡൽഹി വിസ്താര വിമാനം ഇന്ധനക്കുറവുമൂലം അടിയന്തരമായി ലഖ്‌നൗവിലിറക്കി. ഇന്ധനം തീരാൻ പത്ത് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് വിമാനം ലഖ്‌നൗവിലേക്ക് തിരിച്ച് വിട്ടത്. വിമാനത്തിൽ 153 യാത്രക്കാരുണ്ടായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ അധികൃതർ നടപടിയെടുത്തിട്ടുണ്ട്.
ലക്‌നൗവിൽ ഇറങ്ങുമ്പോൾ വിമാനത്തിൽ 300കിലോഗ്രാം ഇന്ധനം മാത്രമാണ് ഉണ്ടായിരുന്നത്. എയർബസ് എ-320 വിമാനങ്ങളിൽ യാത്ര അവസാനിക്കുന്ന സമയത്ത് 60 മിനിറ്റുകൂടി പറക്കാനുള്ള ഇന്ധനം ബാക്കിയുണ്ടാകാറുണ്ട്. അടിയന്തര സാഹചര്യമുണ്ടാകുകയാണെങ്കിൽ ഈ ഇന്ധനമാണ് ഉപയോഗിക്കുക.
ഇന്ധനം കുറഞ്ഞതിനെത്തുടർന്ന് പൈലറ്റുമാർ ലക്‌നൗവിലേക്ക് വിമാനം തിരിച്ച് വിടാൻ അനുമതി തേടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിലേക്ക് വിമാനം തിരിച്ച് വിടാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ പ്രതികൂല കാലവസ്ഥയായതിനാൽ ആ തീരുമാനം ഉപേക്ഷിച്ചു. ലക്‌നൗവിലും കാലവസ്ഥ മോശമാണെന്ന അറിയിപ്പ് ലഭിച്ചിരുന്നു. അതിനാൽ പ്രയാഗ്‌രാജിലേക്ക് തിരിച്ച് പറക്കാൻ തുടങ്ങുമ്പോഴേക്ക് ലക്‌നൗവിലെ കാലാവസ്ഥ മെച്ചപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ലക്‌നൗവിൽ ലാൻഡ് ചെയ്തു.