തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്തിനും രണ്ടാം പ്രതി നസീമിനും പൊലീസ് കസ്റ്റഡിയിൽ സുഖവാസം. പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും പൊലീസ് അവസരം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പ്രതികളെ വൈദ്യ പരിശോധനയ്ക്കും കോടതിയിലേക്കും കൊണ്ടുപോകുന്നതിനിടെയാണ് നേതാക്കളുമായും സുഹൃത്തുക്കളുമായും സംസാരിക്കാൻ പൊലീസ് അവസരമൊരുക്കിയത്. കേസുമായി ബന്ധപ്പെട്ട അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്ന ശിവരഞ്ജിന്റെ അപേക്ഷ ഉപാധികളോടെയാണ് കോടതി സ്വീകരിച്ചത്. എന്നാൽ കോടതി നിഷേധിച്ച അവസരം പൊലും പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ചെയ്തുകൊടുത്തു.
പ്രതികൾക്ക് ജയിലിൽ സൗകര്യം ഒരുക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ടെന്നും ആക്ഷേപമുണ്ട്. ആശുപത്രിയിൽ നിന്ന് എസ്.എഫ്.ഐ നേതാക്കളടക്കം നിരവധി പേർ എത്തിയിരുന്നു. ഇവർ പ്രതികളുമായി സംസാരിക്കുന്നതിനും പൊലീസ് ഇടയാക്കി. അതേസമയം, കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിന്റെ അടുത്ത് ബന്ധുക്കളും മാതാപിതാക്കളുമാണുള്ളത്.
അതേസമയം,ശിവരഞ്ജിത്തിന്റെയും നസീമിന്റേയും പേരിൽ അരഡസനിലേറെ കേസുകൾ ഉണ്ടെന്ന് റിപ്പോർട്ട്. കൊലപാതകശ്രമം, പൊലീസിനെ അക്രമിക്കൽ, ഡ്യൂട്ടിതടസപ്പെടുത്തൽ, അന്യായമായി സംഘംചേരൽ, ഭീഷണി, ദേഹോപദ്രവം, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കേസുകളാണ് കന്റോൺമെന്റ്, ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലായി ഉള്ളത്. ഡിഗ്രി പഠനത്തിനായി ആറുവർഷം മുമ്പാണ് നസീം യൂണിവേഴ്സിറ്റി കോളേജിലെത്തിയത്. ഡിഗ്രി പഠനവേളയിൽ അവസാനവർഷം പരീക്ഷാ ഫീസൊടുക്കാതെ റീ അഡ്മിഷൻ നേടി ഇയാൾ ഒരു ബിരുദകാലയളവോളം കാമ്പസിൽ പഠനം തുടർന്നിട്ടുണ്ട്.
നസീമും ശിവരഞ്ജിത്തും ഉൾപ്പെടെയുള്ള ചില എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ പ്രവർത്തനം അതിരുവിട്ട് കത്തിക്കുത്തിൽ എത്തിയതോടെയാണ് വിദ്യാർത്ഥികളിൽ നിന്ന് പ്രതിഷേധസ്വരം ഉയർന്നത്. അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജയിലാണ് ഇപ്പോഴിവർ. പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ട് നസീമിനെതിരെയും പെട്രോൾ ബോംബേറുൾപ്പെടെ കേസുകൾ ശിവരഞ്ജിത്തിനെതിരെയുമുണ്ട്. ഇവർക്കെതിരെയുള്ള ഏതാനും കേസുകൾ എഴുതിതള്ളിയെങ്കിലും മറ്റുചില കേസുകളിൽ ഇവർ വിചാരണ നടപടികൾ നേരിട്ടുവരികയാണ്.