ksu

തിരുവനന്തപുരം: സുരക്ഷാവലയം ഭേദിച്ച് മൂന്ന് കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയേറ്റ് മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരപ്പന്തലിലുണ്ടായിരുന്ന പ്രവർത്തകർ മതിൽ ചാടിക്കടന്ന് പ്രതിഷേധിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഒരു പെൺകുട്ടി ഉൾപ്പടെ മൂന്ന് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താഴെവരെ എത്തി പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നു. ഇതെ തുടർന്ന് കർശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്.

സമരപ്പന്തലിൽ കോണഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ളവരും ഉണ്ടായിരുന്നു. ഇതിനിടയ്ക്കാണ് മൂന്ന് പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ മതില് ചാടി സുരക്ഷാ ജീവനക്കാരെ എല്ലാം വെട്ടിച്ച് മുദ്രാവാക്യം വിളിച്ച് സെക്രട്ടേറിയറ്റിന് അകത്തെത്തിയത്. രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പൊലീസും പിടികൂടിയെങ്കിലും അതിലൊരാൾ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് മുന്നിൽ വരെ എത്തി മുദ്രാവാക്യം വിളിച്ചു.