supremec-court

ന്യൂഡൽഹി: കർണാടകയിൽ രാജിവച്ച വിമത എം.എൽ.എമാരുടെ കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ സ്പീക്കറുടെ അധികാര പരിധിയിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ വിമത എം.എൽ.എമാർ സഭാസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് പറയാൻ സ്പീക്കർക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും, പ്രസ്‌തുത തീരുമാനം തങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ വിശദമായി പരിശോധിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും, എന്നാൽ അത് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, രാജി സ്വീകരിക്കണമെന്നോ അരുതെന്നോ നിർദ്ദേശിക്കാൻ നിയമനിർമ്മാണ സഭയ്ക്കു മേൽ സുപ്രീം കോടതിക്കും അധികാരമില്ലെന്ന് വ്യക്തമായതോടെ കർണാടക രാഷ്ട്രീയം ഏതാണ്ട് ക്ലൈമാക്സിലേക്ക് അടുക്കുന്നുവെന്ന് വ്യക്തമായി. അയോഗ്യതാ സമ്മർദ്ദം ചെലുത്തി അംഗങ്ങളെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഫലിച്ചില്ല. രാജിവച്ചവരെ മാറ്റിനിറുത്തിയാൽ ഭരണപക്ഷത്ത് അംഗബലം നൂറും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ബി.ജെ.പിയുടെ ബലം നൂറ്റിയേഴുമാകും. ഇതോടെ വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ താഴെ വീഴുമെന്നാണ് കരുതുന്നത്.