missing-oil-tanker

വാഷിംഗ്ടൺ: ഇറാൻ സമുദ്രാതിർത്തിയിൽ എണ്ണ ടാങ്കർ കാണാതായെന്ന് റിപ്പോർട്ട്. ടാങ്കർ ഇറാൻ പിടിച്ചെടുത്തതാകാൻ സാദ്ധ്യതയുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ,​ നഷ്ടപ്പെട്ട ടാങ്കർ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതോ രാജ്യത്ത് ഓപറേറ്റ് ചെയ്യുന്നതോ അല്ലെന്ന് യു.എ.ഇ അധികൃതർ വെളിപ്പെടുത്തി. കിഷം ദ്വപിനോട് ചേർന്ന സമുദ്രാതിർത്തിയിൽ ഇറാനിയൻ സൈന്യം ടാങ്കർ പിടിച്ചെടുത്തുവെന്നു തന്നെയാണ് യു.എസ് പ്രതിരോധ വൃത്തങ്ങൾ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ ചെറിയ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. യു.എ.ഇ സമുദ്രാതിർത്തി പിന്നിട്ട് ഇറാൻ ഭാഗത്ത് പ്രവേശിച്ചത് മുതൽ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റിയ എന്നു പേരുള്ള എണ്ണ ടാങ്കറിന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കിഷം ദ്വപിനോട് ചേർന്ന സമുദ്രാതിർത്തിയിൽ ഇറാനിയൻ സൈന്യം ടാങ്കർ പിടിച്ചെടുത്തുവെന്നു തന്നെയാണ് യു.എസ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ,​ ടാങ്കർ കടലിൽ തകരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. സഖ്യരാജ്യങ്ങളുമായി ചേർന്ന് എണ്ണ ടാങ്കറിന് എന്തു സംഭവിച്ചു എന്നു കണ്ടെത്താനുള്ള നീക്കം തുടരുകയാണെന്ന് യു.എ.ഇ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടർ സാലിം അൽസാബി അറിയിച്ചു. രണ്ടായിരം ടൺ സംഭരണ പ്രാപ്തി മാത്രമാണ് ടാങ്കറിനുള്ളത്.

ഇതു കൂടാതെ സംഘർഷഭരിതമായ പേർഷ്യൻ ഉൾക്കടലിൽ ഹോർമുസ് കടലിടുക്ക് കടക്കുമ്പോൾ ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമം നടത്തിയതായി അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അഞ്ച് സായുധ ബോട്ടുകൾ ഉപയോഗിച്ച് ബ്രിട്ടീഷ് ഹെറിട്ടേജ് ടാങ്കർ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എണ്ണക്കപ്പൽ ഗതിമാറ്റി ഇറാന്റെ സമുദ്രാതിർത്തിയിൽ നിറുത്താൻ ആവശ്യപ്പെട്ടു. എന്നാൽ,​ എണ്ണക്കപ്പലിന് അകമ്പടി സേവിച്ചിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ് മോൺട്രോസ്, ഇറാൻ ബോട്ടുകൾക്ക് നേരെ തോക്കുകൾ ചൂണ്ടിയതോടെ ബോട്ടുകൾ പിന്മാറുകയായിരുന്നുവെന്നും അമേരിക്ക അറിയിച്ചിരുന്നു.

ഇറാനും അമേരിക്കയും തമ്മിലുള്ള പോർ തുടരുകയാണ്. ഇറാന് താക്കീതെന്നോണം അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാന് സമീപം പേർഷ്യൻ ഉൾക്കടലിനു മുകളിൽ പ്രതിരോധ പറക്കൽ നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ് ലോകം അമേരിക്കൻ നീക്കത്തെ കാണുന്നത്.