ട്രോളിംഗ് നിരോധനവും ദുരന്തനിവാരണ വകുപ്പിന്റെ നിരോധനവും കാരണം കേരളത്തിൽ മീൻപിടിത്തം അസാദ്ധ്യമായപ്പോൾ മത്സ്യവ്യവസായികൾ അന്യസംസ്ഥാനങ്ങളിലെ മത്സ്യം ഇറക്കുമതി ചെയ്ത് വില്പന നടത്താൻ പലതരം കച്ചവടതന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇതാകട്ടെ മനുഷ്യന് മാരക രോഗങ്ങളുണ്ടാക്കുന്ന തരത്തിൽ അപകടകരവുമാണ്. രാസവസ്തുക്കളടങ്ങിയ മത്സ്യം പലയിടങ്ങളിലും നിന്ന് പിടികൂടുന്നുണ്ട്.
മഴക്കാലങ്ങളിൽ മത്സ്യപ്രേമികൾ ആശ്രയിച്ചിരുന്ന പുഴമീൻ കുറഞ്ഞതും വളർത്തുമീൻ കിട്ടാതായതുമാണ് വരവുമീനിന് ഡിമാൻഡ് കൂടാൻ കാരണം. മലയാളിയുടെ പ്രിയപ്പെട്ട പുഴ മത്സ്യങ്ങളായിരുന്ന കരിമീൻ, പള്ളത്തി, പരൽ, കണമ്പ്, വാള, വരാൽ, ചേറുമീൻ, കാരി, മുഷി തുടങ്ങിയവയെ കാണാതായി എന്നുതന്നെ പറയാം. വിവിധ ഇനങ്ങളിലുള്ള കൊഞ്ചും ഞണ്ടും കുറഞ്ഞു. കേരളത്തിന്റ സ്വന്തം മത്സ്യമായി അംഗീകരിക്കപ്പെട്ട കരിമീനുകളുടെ ഉത്പാദനവും രണ്ട് വർഷമായി നന്നേ കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും ജലമലിനീകരണങ്ങളും മത്സ്യബന്ധന രീതികളും ഇതിന് കാരണമായി പറയപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ഉൾനാടൻ മത്സ്യകൃഷി പോഷിപ്പിക്കാൻ സർക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള വിശകലനം പ്രസക്തമാകുന്നത്.
ഉൾനാടൻ മത്സ്യകൃഷിക്കു വേണ്ടി ഏഴോളം പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. കേരള തീരദേശങ്ങളിലെ നീർത്തടാകങ്ങളും, പുഴകളും, ഡാമുകളുമൊക്കെ മത്സ്യകൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതികൾ വന്നത്. ഉൾനാടൻ മത്സ്യകൃഷി വന്നപ്പോൾ പ്രാദേശികമായി ഉപയോഗിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവും, അവ വളരാനെടുക്കുന്ന സമയവും ചെലവും കണക്കിലെടുത്തുകൊണ്ട്, അയൽ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച കാർപ്പ് ഇനത്തിൽപ്പെട്ടവയും, പൂമീനുകളുമാണ് വളർത്താൻ ലഭ്യമാക്കിയത്. മലയാളി കഴിച്ച് ശീലമില്ലാത്ത ഈ മത്സ്യത്തിന് മാർക്കറ്റ് ഇല്ലാത്തതിനാൽ ഉത്പാദകരിൽ നിന്നു സംഭരിച്ച മത്സ്യം അയൽ സംസ്ഥാനങ്ങളിൽ വിൽക്കാൻ കച്ചവടക്കാർ നിർബന്ധിതരായി എന്ന വസ്തുത ഫിഷറീസ് ഡിപ്പാർട്ട്മെന്റ് മനസിലാക്കിയോ എന്നറിയില്ല.
ഇതിനിടെ ചില കർഷകർ നിരോധിക്കപ്പെട്ട ആഫ്രിക്കൻ മുഷി, നട്ടർ തുടങ്ങിയ മത്സ്യങ്ങളെ വളർത്തി പ്രാദേശിക മാർക്കറ്റിലിറക്കി വളർത്തു മീനുകളുടെ ഡിമാന്റ് ഇല്ലാതാക്കുകയും ചെയ്തു. ഉൾനാടൻ മത്സ്യ കർഷകരെയും തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ പദ്ധതികളായിരുന്നു ചെമ്മീൻ കൃഷിയും ഞണ്ട് കൃഷിയും.
ഒറീസ, ആന്ധ്ര, ഗോവ ,തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളിൽ വിജയിച്ച ചെമ്മീൻ, ഞണ്ടുകൃഷിയെപ്പറ്റി കേട്ട് , ലക്ഷങ്ങൾ മുടക്കി, കേരളത്തിലാരംഭിച്ച പല സംരംഭകരും ഒന്നു രണ്ടു കൃഷി നടത്തി നിറുത്തലാക്കി. കാരണങ്ങൾ പലതാണ്. ജലത്തിന്റെയും വിത്തിന്റെയും ഗുണനിലവാരക്കുറവ്, ഉത്പാദനച്ചെലവ്, രോഗങ്ങൾ. തുടങ്ങി പലതുമുണ്ട്.
സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി പല വലിയ സംരംഭകരും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു എന്ന് ആക്ഷേപം വന്നപ്പോൾ ചെറുകിടക്കാരെയും തൊഴിലാളികളെയും സഹായിക്കാൻ ഗ്രൂപ്പ് ഫാമിങ്ങ് നടപ്പിലാക്കി. ഈ കക്ഷികൾ പാട്ടത്തിനെടുത്ത് കുളമൊരുക്കിയിട്ട് വിത്തിനു വേണ്ടി കാത്തിരിക്കയാണ്.
സർക്കാർ വക വിത്തുത്പാദനം
കരിമീൻ, പൂമീൻ, ചെമ്മീൻ, കാർപ്പ് വിത്തുകൾ ഉത്പാദിപ്പിക്കാൻ സൗകര്യമുണ്ടെങ്കിലും കർഷകർക്ക് നൽകാൻ കുഞ്ഞുങ്ങളില്ലെതാണ് വസ്തുത. അതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് സ്വകാര്യ ഏജൻസികൾ കൊണ്ടുവന്ന് സ്റ്റോക്ക് ചെയ്യുന്ന വിത്തുകളാണ് കർഷകർക്കു നൽകുന്നത്. 30 കോടി രൂപ മുടക്കി ചെയ്ത കരിമീൻ കുഞ്ഞുങ്ങളുടെ ഉത്പാദന പദ്ധതി പൂട്ടി.
പുതിയ ഇനം മത്സ്യങ്ങൾ
വർഷങ്ങളായി കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യം കൃഷി ചെയ്തെങ്കിലും, ഇതിന് മാർക്കറ്റ് ഇല്ലെന്നറിഞ്ഞപ്പോൾ, പെട്ടെന്ന് വളരുന്നതും ചെലവ് കുറഞ്ഞ രീതിയിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നതുമായ ഗിഫ്റ്റ് തിലോപ്പിയ ഉത്പാദിപ്പിക്കാനാണ് കർഷകർ താത്പര്യം കാണിച്ചത്. എന്നാൽ തെക്കൻ കേരളത്തിലുള്ളവർക്ക് ഇപ്പോഴും തിലോപ്പിയ സ്വീകാര്യമായിട്ടില്ല. പഴയതരം തിലോപ്പിയയുടെ മനംമടുപ്പിക്കുന്ന ഗന്ധമാണ് പലരേയും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഉത്തരകേരളത്തിൽ കിലോയ്ക്ക് 250 രൂപയ്ക്ക് ലഭിക്കുന്ന തിലോപ്പിയയ്ക്ക് ഇപ്പോൾ ഡിമാന്റായിട്ടുണ്ട്.
കരിമീൻ
തെക്കൻ കേരളത്തിലുള്ളവർ അഞ്ഞുറുരൂപ വരെ നൽകി കരിമീൻ വാങ്ങാൻ തയ്യാറാണ്. നാടൻ കരിമീൻ മാർക്കറ്റിൽ ഇല്ലാത്തതിനാൽ വരവ് കരിമീനും തിലോപ്പിയ പോലും കരിമീനായി വിൽക്കപ്പെടുന്നു. ഗിഫ്റ്റ് തിലോപ്പിയയെ ബ്രാൻഡ് ചെയ്യാനോ പ്രൊമോട്ടു ചെയ്ത് മാർക്കറ്റു ചെയ്യാനോ ഉള്ള ശ്രമം ഫിഷറീസ് വകുപ്പിൽ നിന്നുണ്ടായില്ല.
കേജ് ഫാമിംഗ്
മത്സ്യത്തിന് തീറ്റ കൊടുക്കാനും, പിടിക്കാനുമുള്ള സൗകര്യം കണക്കിലെടുത്ത് കൂടുകൃഷി പല സ്ഥലത്തും തുടങ്ങി.
സർക്കാർ തന്നെ മുൻകൈയെടുത്ത് പഴശ്ശി ഡാമിൽ തദ്ദേശവാസികളെക്കൊണ്ട് ഗ്രൂപ്പുണ്ടാക്കി തദ്ദേശസ്വംഭരണവകുപ്പിന്റ പിന്തുണയോടെ തിലോപ്പിയ കൃഷി നടത്തി ലക്ഷക്കണക്കിന് ലാഭവും ഉണ്ടാക്കി.
നീരൊഴുക്കുള്ള കായലുകൾ പുഴകൾ, ഡാമുകൾ എന്നിവിടങ്ങളിലേ കൂടുകൃഷി നടത്താൻ കഴിയൂ. നീർജീവികളായ ആമ, നീർനായ്, മുതല, പാമ്പ് തുടങ്ങിയ ജീവികളിൽ നിന്നും കള്ളൻമാരിൽ നിന്നും സംരക്ഷണമുള്ള സുരക്ഷിതമായ സ്ഥലമാണ് വേണ്ടത്. ഇറിഗേഷൻ, ഫോറസ്റ്റ്, വിഭാഗങ്ങളുടെ കീഴിലുള്ള ജലാശയങ്ങളിൽ കൂടുകൃഷി നടത്തണമെങ്കിൽ അവരുടെ അനുമതി വേണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുമതി കൊടുക്കാൻ മടിക്കുന്നുമുണ്ട്. പൊതുതോടുകളിലും ജലാശയങ്ങളിലും ഗ്രൂപ്പ് ഫാമിംഗ് മത്സ്യകൃഷിക്ക് അനുമതി നൽകാൻ സർക്കാർ ഉത്തരവിറക്കിയാൽ നമ്മുടെ പൊതുജലാശയങ്ങളിൽനിന്ന് ധാരാളം മത്സ്യം ഉത്പാദിപ്പിക്കാൻ കഴിയും.
പാറമട മത്സ്യകൃഷി
പാറ എടുത്ത് കഴിഞ്ഞ് പാറമടകൾ നികത്തി കൃഷിക്ക് ഉപയോഗിക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകുന്നത്. ഏതോ ഉദ്യോഗസ്ഥൻ കുറുക്കുപണി പറഞ്ഞുകൊടുത്ത് കൃഷി എന്നത് ഇപ്പോൾ മത്സ്യകൃഷി ആക്കി മാറ്റി. ഫിഷറീസ് ഡിപ്പാർട്മെന്റിൽ നിന്ന് സർട്ടിഫിക്കറ്റു വാങ്ങി മൈനിംഗ് ആൻഡ് ജിയോളജിക്കു നൽകി രക്ഷപെടും. പാറമടയിൽ വളർത്തുന്ന മീൻ പിടിക്കുന്നോ എന്നാരും പരിശോധിക്കില്ല. പാറമടയിൽ ചൂണ്ടയിട്ട് മീൻപിടിക്കാൻ പോയി മരണപ്പെടുന്ന വാർത്തകൾ മാത്രം.
കൺസൾട്ടൻസിയും ഫാം ടൂറിസവും
സർക്കാർവക ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നു വന്നപ്പോൾ അത് ലഭ്യമാക്കാൻ പല ഇടനിലക്കാരും കൺസൾട്ടന്റായി വന്ന് ഗൾഫ് റിട്ടേണേഴ്സിനെ മത്സ്യകൃഷിയിലേക്ക് കൊണ്ടുവരുന്ന പ്രവണത അടുത്ത കാലത്തുണ്ടായിട്ടുണ്ട്. യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ ഇറങ്ങിയവർ പലരും കടക്കെണിയിൽ വീഴുകയും പാതിവഴിയിൽ നിറുത്തിപ്പോകുകയും ചെയ്യുന്നു. യാഥാർത്ഥ്യബോധത്തോടെ കർഷകരെ ഇതിലേക്കു കൊണ്ടുവന്നില്ലെങ്കിൽ കേരളത്തിൽ ഇനി മത്സ്യകർഷകരുടെ ആത്മഹത്യയുമുണ്ടാകാം.
മേൽപ്പറഞ്ഞ വിഷയങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടു വകുപ്പു മന്ത്രിയുടെ ഉത്സാഹത്തിൽ 2019 ജനുവരിയിൽ തന്നെ മത്സ്യനയം അംഗീകരിച്ച് ഉത്തരവായെങ്കിലും ഇതെല്ലാം നടപ്പിലാകണമെങ്കിൽ വകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം ജല തദ്ദേശ റവന്യൂ വന വൈദ്യുതി വകുപ്പുകളുടെ സഹകരണവും ഉണ്ടാകണം.
ചെലവ് കുറഞ്ഞ രീതിയിൽ ആവശ്യത്തിന് മത്സ്യം ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ നമുക്ക് വിഷമത്സ്യത്തിൽ നിന്നും മോചിതരാകാം.
(ലേഖകന്റെ ഫോൺ : 9447 057788)