ms-dhoni

റാഞ്ചി: ഇന്ത്യൻ മുൻ നായകൻ എം.എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ് ക്രി‌‌ക്ക‌റ്റ്‌‌ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇക്കാര്യത്തിൽ ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകരും. എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ കുടുംബം. ധോണി ഇനി ക്രിക്കറ്റിൽ തുടരേണ്ടെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നിലപാട്.

ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച താൻ ധോനിയുടെ വീട്ടിൽ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും ധോണിയുടെ ആദ്യകാല പരിശീലകൻ കേശവ് ബാനർജി പറഞ്ഞു.

'' ഇക്കഴിഞ്ഞ ഞായറാഴ്ച ഞാൻ ധോനിയുടെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോണി ഇപ്പോൾ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവർ പറഞ്ഞത്. എന്നാൽ, ഒരു വർഷം കൂടി ധോണി കളി തുടരണമെന്ന് ഞാൻ പറഞ്ഞു. ട്വന്റി 20 ലോകകപ്പിനു ശേഷം ധോണി വിരമിക്കുന്നതായിരിക്കും നല്ലതെന്ന് അവരോട് പറഞ്ഞു. എന്നാൽ,​ അവർ അതിനെ എതിർത്തു. ആര് പിന്നെ ഈ വലിയ വീട് നോക്കുമെന്നാണ് അവർ ചോദിക്കുന്നത്.

അതേസമയം, ഇത്രയും നാൾ ഈ വലിയ കുടുംബത്തെ നോക്കിയ നിങ്ങൾക്ക് ഒരു വർഷം കൂടി അത് തുടർന്നൂടേയെന്ന് താൻ ആവശ്യപ്പെട്ടു''വെന്നും കേശവ് ബാനർജി പറഞ്ഞു. അതേസമയം, ജൂലായ് 19-ന് വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സെലക്ടർമാർ. ധോണി വിരമിക്കൽ പ്രഖ്യാപിച്ചില്ലെങ്കിൽ പര്യടനത്തിൽ വിശ്രമം അനുവദിക്കുകയാകും സെലക്ടർമാർ ചെയ്യുക.

മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ തിരഞ്ഞെടുത്ത ലോകകപ്പ് ടീമിൽ ധോണിയുടെ പേരും ഉണ്ടായിരുന്നില്ല. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ ആണ് സച്ചിന്റെ ലോകകപ്പ് ടീമിന്റെ നായകൻ. അഞ്ച് ഇന്ത്യൻ താരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊ‌ഹ്‌ലിയും സച്ചിന്റെ തിര‌ഞ്ഞെടുത്ത ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ട് ഓപ്പണർ ജോണി ബെയർ സ്റ്റോ ആണ് സച്ചിന്റെ ടീമിൽ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. വില്യംസണ്‍ മൂന്നാമതും കോഹ്ലി നാലാമതും ഇറങ്ങുന്നു.