ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ഇടനിലക്കാരനും ഛോട്ടാ ഷക്കീലിന്റെ അടുപ്പക്കാരനുമായ അഹമ്മദ് റാസ എന്ന അഫ്രോസ് വാദരിയെ ദുബായ് ഇന്ത്യയിലേക്ക് നാടുകടത്തി. ഇന്ത്യയുടെ നയതന്ത്രനീക്കത്തിന്റെയും മുംബയ് പൊലീസിന്റെ ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്. ഡി കമ്പനിയുടെ സൂറത്തിലെയും മുംബയിലേയും താനെയിലേയും ബിസിനസ് നോക്കിനടത്തിയിരുന്നത് റാസയായിരുന്നു. ഇയാൾ കഴിഞ്ഞ മാസമാണ് ദുബായിൽ പിടിയിലായത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മുംബയ് പൊലീസ് തേടിക്കൊണ്ടിരുന്ന പ്രധാന കുറ്റവാളിയായിരുന്നു റാസ. ഇയാൾക്കെതിരെ മുംബയ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ നിന്നും മുംബയ് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിനാണ് ഇയാളെ കൈമാറിയിരിക്കുന്നത്. ഇപ്പോൾ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിനു ശേഷം ദാവൂദ് ഇബ്രാഹിമിനും അദ്ദേഹത്തിന്റെ ഡി കമ്പനിക്കുമെതിരെ നടപടി വേണമെന്ന് ഇന്ത്യ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ആവശ്യമുന്നയിച്ചിരുന്നു. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്ദ് അക്ബറുദ്ദീൻ ദാവൂദിനെതിരെ കർശനമായ നിലപാടാണ് സ്വീകരിച്ചത്.
ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്നതിനായി ദാവൂദ് പാക് ചാരസംഘടനയായ ഐ.എസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. കൂടാതെ ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതും അത് നിയന്ത്രിക്കുന്നതും ദാവൂദാണെന്നും ഇന്ത്യ അറിയിച്ചു. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികൾ വഴിയാണ് പ്രധാനമായും കള്ളനോട്ട് ഇന്ത്യയിലേക്ക് എത്തുന്നത്.