ചെറിയൊരു ഇടവേളയ്ക്ക് ശേഷം ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് അഹാന കൃഷ്ണകുമാർ. അഹാനയെന്ന് കേൾക്കുമ്പോൾത്തന്നെ മനോഹരമായ മുടിയും കണ്ണുമാണ് പ്രേക്ഷകരുടെ ഓർമ്മയിൽ ആദ്യമെത്തുക. പുതിയ ചിത്രത്തിനായി മുടിവെട്ടിയപ്പോൾ ആരാധകർ പരിഭവം പറയുകയും ചെയ്തിരുന്നു.
എന്നാൽ തനിക്ക് മുടി മുറിച്ചപ്പോൾ വലിയ വിഷമമൊന്നും തോന്നിയിട്ടില്ലെന്ന് താരം പറയുന്നു. മുടിയല്ലേ എന്തായാലും വളരുമെന്നാണ് അഹാനയുടെ പക്ഷം. മുടിയിൽ കൃത്യമായി ഓയിൽ മസാജ് ചെയ്യാറുണ്ടെന്ന് അഹാന പറഞ്ഞു.
അഹാനയുടെ വാക്കുകൾ...
'കണ്ണും മുടിയുമാണ് എന്റെ പ്ലസ് പോയിന്റുകൾ. നല്ല കണ്ണും നല്ല മുടിയും ദൈവം തന്നതാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. എല്ലാവരും നല്ലതാണെന്ന് പറഞ്ഞപ്പോഴാണ് ഞാനത് മനസിലാക്കിയത്. മുടി മുറിച്ചപ്പോൾ വലിയ വിഷമമൊന്നും തോന്നിയില്ല. മുടിയല്ലേ... എന്തായാലും വളരും ഉറപ്പാണ്. മുടിയുടെ കാര്യത്തിൽ ഞാൻ കുറച്ച് ശ്രദ്ധ നൽകാറുണ്ട്. കൃത്യമായി ഓയിൽ മസാജ് ചെയ്യും. എവിടെപ്പോയാലും കണ്ണെഴുതാറുണ്ട്. ആകെ ചെയ്യാറുള്ള മേക്കപ്പും അതാണ്. ഫംഗ്ഷനൊക്കെ പോകുമ്പോൾ കണ്ണ് ഹൈലൈറ്റ് ചെയ്താണ് മേക്കപ്പിടുന്നത്.
ഫാഷനിൽ കുറച്ചധികം ശ്രദ്ധിക്കുന്നയാളാണ് ഞാൻ. എന്നു കരുതി മാർക്കറ്റിൽ പോകുമ്പോൾ ഒരുങ്ങിപോകുമെന്നല്ല. സന്ദർഭങ്ങൾക്കനുസരിച്ച് ഫാഷൻ മാറാനാണിഷ്ടം. ജീൻസും ടീഷർട്ടുമണിഞ്ഞ് വെറുതെ ഒന്ന് കണ്ണെഴുതി പോകാനാണ് എനിക്കിഷ്ടം. ട്രെൻസ് ഒക്കെ ഫോളോ ചെയ്യാറുണ്ട്. എപ്പോഴും സ്‌റ്റൈലായിട്ട് നടക്കാറൊന്നുമില്ല. ഫംഗ്ഷന് പോകുമ്പോൾ സാരിയാണ് ഇഷ്ടം. മിനിമൽ മേക്കപ്പിനോടാണ് കൂടുതൽ താൽപര്യം. ഓർണമെന്റ്‌സ് അധികം ഉപയോഗിക്കാറില്ല.'