vava-suresh

തിരുവനന്തപുരം: വാവ സുരേഷ് പാമ്പു പിടിത്തം നിറുത്തുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് അടുത്തിടെ ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. തനിക്കെതിരെ സാമൂഹിക മാദ്ധ്യങ്ങളിലടക്കം ചിലർ നടത്തുന്ന കുപ്രചരണങ്ങളിൽ മനം നൊന്താണ് പാമ്പു പിടിത്തം നിറുത്തുന്നതെന്ന് വാവ പ്രതികരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള തന്റെ അഭ്യുദയകാംക്ഷികളുടെ അഭ്യർത്ഥന കൂടി കണക്കിലെടുത്ത് തീരുമാനത്തിൽ നിന്ന് പിന്തിരിയുകയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.

എന്നാൽ ചിലകോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴും പാമ്പു പിടിത്തത്തിന്റെ പേരിൽ താൻ അനുഭവിക്കുന്ന വിഷമതകളെ കുറിച്ച് മനസു തുറക്കുകയാണ് വാവ സുരേഷ്. അന്താരാഷ്‌ട്ര മാദ്ധ്യമമായ ബി.ബി.സി, ഒരിക്കൽ തന്നെ വന്ന് ഷൂട്ട് ചെയ്‌തിരുന്നുവെന്നും. എന്നാൽ തന്റെ പാമ്പു പിടിത്തം ലോകം മുഴുവൻ എത്തിക്കാനല്ള പകരം മറ്റു ചില ഉദ്ദേശങ്ങൾ അവരുടെ വരവിനു പിറകിൽ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് വാവ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാവ സുരേഷിന്റെ വാക്കുകൾ-

ബി.ബി.സി എന്നൊരു ചാനൽ ഇവിടെ വന്നു. ഞാൻ പാമ്പിനെ പിടിക്കുന്ന രീതികൾ, പാമ്പിനെ അടയ‌്ക്കുന്ന ബോട്ടിലുകൾ, പാമ്പിനെ പിടിക്കാൻ പോകുമ്പോൾ എന്താണ് കിട്ടുന്നത് എന്നൊക്കെ ബി.ബി.സി ഇവിടെ ഷൂട്ട് ചെയ്‌തു. പക്ഷേ ബി.ബി.സി എന്നത് ഒരു കുറ്റാന്വേഷണ ഏജൻസി കൂടിയാണ്. നമ്മുടെ സാധാരണ ജനങ്ങൾക്ക് അതറിയില്ല. ബി.ബി.സി എന്നു പറയുമ്പോൾ ഇവർ വിചാരിക്കുന്നത്, വാവ സുരേഷിന്റെ പാമ്പു പിടിത്തം ലോകം മുഴുവൻ എത്തിക്കാൻ പോകുന്നുവെന്നാണ്. അതൊന്നുമല്ല. അവർ ഏതോ സംഘടനയുടെ മെസേജിന്റെ അടിസ്ഥാനത്തിലാണ് വന്നത്. ഇതൊന്നും ഞാനിതുവരെയും ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യമാണ്. ഏതോ ഒരു അന്വേഷണ ഏജൻസിയുടെ ഒരു ഇൻഫോർമറായാണ് അവർ ഇവിടെ വന്നത്. അവർ പോലും ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞിട്ടു പോയതാണ്. പക്ഷേ ഇവിടെ കേരളത്തിൽ ആരെയും വിമർശിക്കാം എന്നതാണ് രീതി. വ്യക്തി ഹത്യയ്‌ക്ക് കേസെടുക്കണമെന്നുവരെ ചിന്തിക്കുന്ന ആളാണ് ഞാൻ.

അഭിമുഖത്തിന്റെ പൂർണരൂപം-