മഴക്കാലത്ത് യാത്ര എവിടേക്കെന്ന് പലരെയും കുഴപ്പിക്കുന്ന ചോദ്യമാണ്. എന്നാലിതാ കുടുംബവുമൊത്തും സുഹൃത്തുക്കൾക്കൊപ്പവും പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ.
1-വയനാട്
വയനാടിന് ഒരു പ്രത്യേക സൗന്ദര്യമാണ്. വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്ന മുഖ്യ കാരണം. പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടൻ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു. വിനോദ സഞ്ചാരികളെ കാത്ത് വയനാട്ടിൽ ഒരുപാട് സ്ഥലങ്ങൾ ഉണ്ടെങ്കിലും അറിയപ്പെടാത്ത മനോഹരമായയിടങ്ങളും വയനാടിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിദേശികളടക്കം നിരവധി പേരാണ് വയനാടൻ ചുരം കയറി കാഴ്ചകൾ ആസ്വദിക്കുന്നത്.
2-മസിനഗുഡി
മഴക്കാലത്ത് മസിനഗുഡിയിലെ കാഴ്ചകൾക്ക് മാറ്റേറയാണ്. കുടുംബവുമൊത്ത് മഴ ആസ്വദിച്ച് വൺഡേ ട്രിപ്പിന് പറ്റിയയിടമാണ് മസിനഗുഡി. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണൽപാർക്ക്. മുതുമല നാഷണൽപാർക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം മസിനഗുഡിയാണ്. 36 ഹയർപിന്ന് വളവുകൾ താണ്ടിവേണം മസിനഗുഡിയിലെത്താൻ. മുതുമല വന്യജീവി സങ്കേതത്തിൻ നിന്നും ഏഴുകിലോമീറ്ററെ ഉള്ളൂ മസിനഗുഡിയിലേക്ക്.
3-അതിരപ്പിള്ളി
മഴക്കാലത്ത് ഏറ്റവും വന്യ സൗന്ദര്യം തുളമ്പുന്ന ഇടമാണ് അതിരപ്പള്ളി. അതിരപ്പള്ളി- വാഴച്ചാൽ വെള്ളച്ചാട്ടമാണഅ പ്രധാന ആകർഷണം. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറകൂടിയാണ്.
4- മലക്കപ്പാറ
പ്രകൃതി സൗന്ദര്യത്തെ തൊട്ടറിയുന്ന ഇടമാണ് മലക്കപ്പാറ. ജൈവസാന്നിദ്ധ്യം കൊണ്ട് മനം മയക്കുന്ന കാഴ്ചകൾ. പശ്ചിമഘട്ട മഴക്കാടുകളിൽ വാഴച്ചാൽ വനമേഖലയിലൂടെ മലക്കപ്പാറയിലെത്താം. സഞ്ചാരികളെ സൗന്ദര്യത്തിൽ വശീകരിക്കുന്ന ഇടകലർന്ന പച്ചപ്പും തേയിലത്തോട്ടങ്ങളും ജലനീലിമയും കൂടികുഴഞ്ഞ മലക്കപ്പാറ. കേരള തമിഴ്‌നാട് അതിർത്തിയാണ് മലക്കപ്പാറ. വാഴച്ചാൽ ഡിവിഷന്റെയും മലയാറ്റൂർ ഡിവിഷന്റെയും അധീനതയിലാണ് വനപ്രദേശങ്ങൾ. വാൽപ്പാറ യാത്ര ഏറ്റവും നന്നായി ആസ്വദിക്കാവുന്ന സമയമാണ് മഴക്കാലം.
5-വാൽപ്പാറ
വാഴച്ചാലിൽനിന്നു മുപ്പതു കിലോമീറ്ററാണ് വാൽപ്പാറയിലേക്ക്. ഷോളയാർ വനത്തിന്റെ അരികിലൂടെയാണ് യാത്ര. അത്ര മനോഹരമായ റോഡൊന്നുമല്ല, കണ്ണെത്താദൂരം പരന്നു കിടക്കുന്ന മഴക്കാടുകൾ നൽകുന്ന ഒരു ഊർജ്ജമുണ്ട്. ഇരുവശവും കാടാണ്. സുന്ദരകാഴ്ചകൾക്കൊപ്പം പേരറിയാത്ത പക്ഷികളുടെ ശബ്ദവും കേൾക്കാം. കേരളത്തിലെ ഏറ്റവും മനോഹരമായ ഈ വനപാതയിലൂടെയുള്ള യാത്ര ആരെയും ആകർഷിക്കും.