ksu

യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹസമരം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിനുള്ളിൽ കെ.എസ്.യു പ്രവർത്തകരുടെ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് നടത്തുന്ന നിരാഹാരസമരത്തിനിടെയാണ് കെ.എസ്.യുവിന്റെ തീപ്പൊരി നേതാവ് ശിൽപ്പയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പാഞ്ഞടുത്തത്. പ്രതിഷേധക്കാർ സെക്രട്ടേറിയേറ്റിൽ അതിക്രമിച്ച് കയറുമെന്ന് നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.

എന്നാൽ അതീവസുരക്ഷയുടെ മതിൽ ചാടിക്കടന്ന് ഒരുപെൺകുട്ടിയും മൂന്ന് ആൺകുട്ടികളുമടങ്ങുന്ന കെ.എസ്.യു സംഘം സെക്രട്ടേറിയറ്റിനുള്ളിലെത്തുകയായിരുന്നു. മന്ത്രിസഭായോഗം നടക്കുന്നതിനാലും പുറത്ത് യൂണിവേഴ്സിറ്റി കോളേജ് പ്രശ്നത്തിലെ സമരം ചൂടുപിടിക്കുന്നതിനാലും സെക്രട്ടേറിയറ്റിനുള്ളിൽ വൻപൊലീസ് സന്നാഹമായിരുന്നു. ഇത് മറികടന്നാണ് ദർബാർഹാളിന് സമീപത്തുകൂടി കെ.എസ്.യുവിന്റെ പ്രവർത്തകർ പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന് നേരെ ഓടിയടുത്തത്.

ആദ്യം ഓടിയെത്തിയ പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റിയെങ്കിലും ശിൽപ്പ എന്ന പെൺപുലിയെ അത്ര പെട്ടെന്ന് കീഴടക്കാനായില്ല. മുദ്രാവാക്യം വിളിയോടെ ശിൽപ്പ സെക്രട്ടേറിയറ്റിനെ പ്രകമ്പനം കൊള്ളിച്ചു. ഇതോടെ സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞിരിക്കുകയാണ് ശിൽപ്പ. കെ.എസ്.യു നേതൃത്വത്തിനിടെയിൽ പെട്ടെന്ന് മുളച്ചുവന്ന നേതാവല്ല ഈ കോൺഗ്രസുകാരി. തൃശൂർ അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പറാണ്. 21ാം വയസിലാണ് ശിൽപ്പ പൊതുസേവനത്തിനായി പഞ്ചായത്ത് മെമ്പർ കുപ്പായം അണിഞ്ഞത്. നിലവിൽ കെ.എസ്.യുവിന്റെ സംസ്ഥാന സെക്രട്ടറിയാണ്. പഠിക്കുന്നകാലത്ത് തന്നെ കോളേജിനെ പല സമരങ്ങളിലൂടെയും ശിൽപ്പ വിറപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയെത്തിയ ശിൽപ്പയെ പിടിച്ചുമാറ്റാൻ വനിതാ പൊലീസ് ഇല്ലാതിരുന്നത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. കെ.എസ്.യുവിന്റെ മുദ്രാവാക്യവുമായി ശിൽപ്പ മിനിറ്റുകളോളം മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചു. പിന്നീട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശിൽപ്പയെ മാറ്റുകയായിരുന്നു. അഭിഭാഷക എന്ന നിലയിലും പേരെടുത്ത ശിൽപ്പ പരമേശ്വരൻ, ഓമന എന്നിവരുടെ മകളാണ്.