hafees-sayeed-

ലാഹോർ: 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിക്കപ്പെട്ട ജമാത്തുദ് ദവ ഭീകരഗ്രൂപ്പിന്റെ തലവനുമായ ഹഫീസ് സയീദിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. അതീവസുരക്ഷയുള്ള കോട്ട് ലഖ്പത് ജയിലിൽ അടച്ച ഹഫീസിനെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ ചെയ്യുമെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈ മാസം അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ഹഫീസിനെതിരായ നടപടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇമ്രാൻ ഖാൻ ചർച്ച നടത്തുന്നുണ്ട്. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹഫീസ് സയീദിനെതിരെ നടപടിയെടുക്കാൻ ഇമ്രാൻ ഖാൻ നിർബന്ധിതനായിരിക്കയാണ്. ഹഫീസിനെ പിടികൂടാൻ ഒരു കോടി ഡോളർ പ്രതിഫലവും അമേരിക്ക നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബയിൽ 166 പേരെ കൂട്ടക്കൊല ചെയ്‌ത ഭീകരാക്രമണം നടത്തിയ ലഷ്‌കറെ തയ്ബയുമായി ഉറ്റബന്ധമുള്ള ഗ്രൂപ്പാണ് ജമാത്തുദ് ദവ. വർഷങ്ങളായി പാകിസ്ഥാന്റെ സംരക്ഷണയിൽ കഴിഞ്ഞു വന്ന സയീദിനെ ഇന്നലെ പഞ്ചാബ് പ്രവിശ്യയിലെ ഭീകരവിരുദ്ധ വിഭാഗമാണ് അറസ്റ്റ് ചെയ്‌തത്. ഭീകരവിരുദ്ധ കോടതിയിൽ ഹാജരാകാനായി ലാഹോറിൽ നിന്ന് ഗുജ്‌റൻവാലയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. ഹഫീസിനെതിരെ നടപടി എടുക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. അതേ തുടർന്ന് പാക് ഭീകര വിരുദ്ധ വിഭാഗം ഹഫീസിനും 12 കൂട്ടാളികൾക്കും എതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. അഞ്ച് ട്രസ്റ്റുകളുടെ മറവിൽ ഭീകരപ്രവർത്തനത്തിന് പണം സമാഹരിച്ച കേസുകളാണിവ. ലഷ്‌കറിന്റെയും ജമാത്തുദ്ദവയുടെയും ജീവകാരുണ്യ വിഭാഗമായ ഫലാഹ് - ഇൻസാനിയത് ഫൗണ്ടേഷൻ ആണ് പണം സമാഹരിച്ചത്. 2017ൽ ഹഫീസ് സയീദിനെയും നാല് കൂട്ടാളികളെയും പാക് സർക്കാർ കസ്റ്റഡിയിൽ എടുത്തെങ്കിലും 11 മാസത്തിന് ശേഷം വിട്ടയയ്‌ക്കുകയായിരുന്നു. മുംബയ് ഭീകരാക്രമണത്തിൽ ഹഫീസിന്റെ പങ്കിന് ഇന്ത്യ തെളിവുകൾ ഇന്ത്യ കൈമാറിയിട്ടും പാക് ഭരണകൂടം ഇയാളെ സംരക്ഷിക്കുകയായിരുന്നു. പാകിസ്ഥാനിൽ സ്വൈര വിഹാരം നടത്തിയ ഹഫീസ് ഇന്ത്യാ വിരുദ്ധ റാലികളിൽ പങ്കെടുത്തിരുന്നു.

ഹഫീസിന്റെ സാമ്രാജ്യം

സെമിനാരികളും സ്‌കൂളുകളും ആശുപത്രികളും പ്രസും ആംബുലൻസ് സർവീസും ഉൾപ്പെടെ 300ലേറെ സ്ഥാപനങ്ങളുടെ അതിവിപുലമായ ശൃംഖലയാണ് ഹഫീസിന്റെ സംഘടനയ്‌ക്കുള്ളത്. ഇയാൾക്കെതിരായ നടപടികളുടെ ഭാഗമായി പഞ്ചാബ് പ്രവിശ്യയിലെ160 സെമിനാരികളും 32സ്‌കൂളുകളും രണ്ട് കോളേജുകളും നാല് ആശുപത്രികളും 153 ഡിസ്‌പെൻസറികളും 178 ആംബുലൻസുകളും സിന്ധ് പ്രവിശ്യയിലെ 56 സെമിനാരികളും സർക്കാർ ഏറ്റെടുത്തിരുന്നു.

 ആരാണ് ഹഫീസ് സയീദ്

പാകിസ്ഥാന്റെ കണക്കിൽ ഒരു മതപണ്ഡിതനും അതേസമയം, ഇന്ത്യയുടേയും അമേരിക്കയുടെയും കൊടുംഭീകരരുടെ ലിസ്റ്റിലെ ഒന്നാം പേരുകാരനുമാണ് ഹഫീസ് സയീദ്. സയീദിന്റെ നേതൃത്വത്തിൽ 1990 -ൽ സ്ഥാപിച്ചതാണ് 'ലഷ്കർ-എ-തയിബ' എന്ന തീവ്രവാദസംഘടന. 1994-ൽ അമേരിക്ക സന്ദർശിച്ച് ഹൂസ്റ്റണിലെയും മറ്റും പള്ളികളിൽ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് ഇയാൾ. ഇസ്ലാമിക് ഹിസ്റ്ററിയിലും, അറബിയിലും രണ്ടു മാസ്റ്റർ ബിരുദങ്ങൾ സ്വന്തമായുള്ള ഹഫീസ് സയീദ് മുഴുവൻ സമയ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിയും മുമ്പ് ഒരു എൻജിനീയറിംഗ് കോളേജിൽ അറബിഭാഷാദ്ധ്യാപകനായിരുന്നു. പലകുറി അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും, ഹാഫിസ് സയീദിന് ഒരിക്കലും പാക് മണ്ണിൽ ഒരു വിചാരണ നേരിടേണ്ടി വന്നിട്ടില്ല. ഒരിക്കലും സയീദ് മറ്റുരാജ്യങ്ങളിലേക്ക് വിചാരണാർത്ഥം നാടുകടത്തപ്പെടുകയോ ഒന്നും ഉണ്ടായില്ല.

 ഹഫീസിന്റെ കണക്കുപുസ്തകം

2001- ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനു ശേഷം കസ്റ്റഡിയിൽ എടുക്കപ്പെട്ടിരുന്നെങ്കിലും, ഏകദേശം മൂന്നുമാസത്തോളം കസ്റ്റഡിയിൽ വെച്ച ശേഷം വിട്ടയച്ചു.

2006 -ലെ മുംബയ് ട്രെയിൻ ബോംബിംഗുകൾക്ക് ശേഷം ഓഗസ്റ്റിൽ ഒരിക്കൽ കൂടി സയീദ് അറസ്റ്റുചെയ്യപ്പെട്ടെങ്കിലും, ഒക്ടോബറിൽ വീണ്ടും വെറുതെ വിട്ടയക്കപ്പെട്ടു.

2009 ഓഗസ്റ്റിൽ ഇന്റർപോളിന്റെ 'റെഡ് നോട്ടീസ്' .തുടർന്ന് സെപ്തംബറിൽ വീണ്ടും വീട്ടുതടങ്കലിൽ

2011-ൽ അമേരിക്ക ലഷ്കർ എ തയിബയെ ഒരു 'വിദേശ ഭീകരവാദ സംഘടന'യായി പ്രഖ്യാപിച്ചു.

2017 -ൽ ഡോണാൾഡ്‌ ട്രംപിന്റെ ഭാഗത്തുനിന്നുമുണ്ടായ സമ്മർദ്ദം നിമിത്തം ഹാഫിസ് സയീദ് വീണ്ടും വീട്ടുതടങ്കലിൽ