university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലിനെ നിയമിച്ചു. ഡോ സി.സി.ബാബുവിനെയാണ് പ്രിൻസിപ്പലായി നിയമിച്ചത്. നിലവിൽ തൃശൂർ ഗവൺമെന്റ്‌ കോളേജ് പ്രിൻസിപ്പലാണ് ഡോ സി.സി.ബാബു. താൽക്കാലിക പ്രിൻസിപ്പലായിരുന്ന കെ.വിശ്വംഭരനെയാണ്​ സ്ഥലം മാറ്റിയിരിക്കുന്നത്​. സർക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ്​ സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം.

യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രിൻസിപ്പലിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വിമർശനങ്ങളുയർന്നിരുന്നു. പ്രിൻസിപ്പിൽ എസ്​.എഫ്​.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമർശനങ്ങൾ. ഇതിന്​ പിന്നാലെയാണ്​ പ്രിൻസിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ്​ പുറത്തിറങ്ങിയത്. സംസ്ഥാനത്തെ ആറ് ഗവ. കോളജുകളിലെ പ്രിൻസിപ്പൽമാർക്കും മാറ്റമുണ്ട്. ഡോ. കെ ജയകുമാർ മഹാരാജാസ് കോളേജ് പ്രിൻസിപ്പലാകും. ​

അതേസമയം,​ സംഘർഷത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽ പിരിച്ചുവിട്ട എസ്.എഫ്.ഐ കമ്മിറ്റിക്ക് പകരമായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ ഉൾപ്പെടെ 25 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.