prathi
അഞ്ചലിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ കൊല്ലം കോടതിയിൽ ഹാജരാക്കിയപ്പോൾ.

കൊല്ലം: അഞ്ചൽ ഏരൂർ സ്വദേശിയായ ഏഴു വയസുകാരിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്ന് പ്രത്യേക ജീവപര്യന്തവും 26 വർഷം കഠിനതടവും 3,20,000 പിഴയും ശിക്ഷ വിധിച്ചു. ഓരോ ശിക്ഷയും പ്രത്യേകം അനുഭവിക്കണം. പെൺകുട്ടിയുടെ മാതാവിന്റെ കുടുംബാംഗത്തെ വിവാഹം ചെയ്ത കരിക്കം വടക്കേ ചെറുകര രാജേഷ് ഭവനിൽ രാജേഷിനെയാണ് കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി (പോക്സോ സ്പെഷ്യൽ കോടതി) ശിക്ഷിച്ചത്.

പെൺകുട്ടിയും പ്രതിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. 2017 സെപ്തംബർ 27ന് രാവിലെ ഏഴരയോടെ അമ്മൂമ്മ ട്യൂഷന്

പെൺകുട്ടിയെ കൊണ്ടുപോകവെ വഴിയിൽ കാത്തുനിന്ന പ്രതി താൻ ട്യൂഷൻ സ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബസിൽ കയറ്റി ചെറുകരയിലെത്തിച്ച് കുളത്തൂപ്പുഴ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.

ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ സ്രവങ്ങളും നഖത്തിൽ നിന്ന് കണ്ടെടുത്ത

കോശങ്ങളും പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചു. പെൺകുട്ടി കൊല്ലപ്പെട്ട ശേഷവും ലൈംഗിക പീഡനം നടന്നതായി

വൈദ്യ പരിശോധനയിൽ വ്യക്തമായി. പെൺകുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങൾ ഏരൂരിലെ കച്ചവട സ്ഥാപനത്തിലെ സി.സി ടി.വി കാമറയിൽ നിന്നു ലഭിച്ചിരുന്നു അന്നത്തെ പുനലൂർ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാർ, അ‌ഞ്ചൽ സി.ഐ അഭിലാഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. 44 രേഖകളും 26 മുതലുകളും ഹാജരാക്കി. ജി. മോഹൻരാജാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ.

പ്രതി ജീവിതകാലം മുഴുവൻ തടവിൽ

മൂന്ന് ജീവപര്യന്തവും 26 വർഷം കഠിനതടവും പ്രത്യേകമായി അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പറയുന്നതിനാൽ പ്രതി ജീവിതകാലം മുഴുവൻ തടവിൽ കഴിയേണ്ടി വരും.

 കൊലക്കുറ്റത്തിന് ജീവപര്യന്തം, 50000 രൂപ പിഴ.

 12 വയസിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിനും ഒന്നിലധികം തവണ പീഡിപ്പിച്ചതിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തം, രണ്ട് ലക്ഷം രൂപ പിഴ.

 പ്രകൃതി വിരുദ്ധ പീഡനത്തിന് പത്ത് വർഷം കഠിനതടവ്, 15000 രൂപ പിഴ.

 ബന്ധു വിശ്വാസ ലംഘനം നടത്തിയതിന് പോക്സോ നിയമപ്രകാരം പത്ത് വർഷം കഠിന തടവ്, 50000 രൂപ പിഴ.

 കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അഞ്ച് വർഷം കഠിനതടവ്, 5000 രൂപ പിഴ.

മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ഒരു വർഷം കഠിനതടവ്.

വധശിക്ഷ ഒഴിവാക്കിയത് പ്രായം കണക്കിലെടുത്ത്

മനുഷ്യത്വ രഹിതവും അതിക്രൂരവുമായി ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയത് ഗൗരവകരമായ കുറ്റകൃത്യമാണെങ്കിലും പ്രതിക്ക് ഇപ്പോൾ 25 വയസ് മാത്രമുള്ളത് കൊണ്ടാണ് വധശിക്ഷ ഒഴിവാക്കുന്നതെന്ന് പോക്സോ പ്രത്യേക കോടതി ജഡ്ജി ഇ. ബൈജു വിധിന്യായത്തിൽ വ്യക്തമാക്കി.