bimal

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖര വിനിയോഗം സംബന്ധിച്ച് പഠിക്കാൻ നിയമിച്ച ബിമൽ ജലാൻ പാനൽ, ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സൂചന. ആറംഗ പാനലിന്റെ അന്തിമയോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. റിസർവ് ബാങ്കിന്റെ കൈവശമുള്ള സർപ്ളസ് (അധികപ്പണം) കേന്ദ്രസർക്കാരിന് കൈമാറുന്നതിന് പാനൽ അനുകൂലമാണെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഡിസംബർ 26നാണ് റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ബിമൽ ജലാൻ അദ്ധ്യക്ഷനായ പാനലിനെ ബാങ്കിന്റെ എക്കണോമിക് കാപ്പിറ്റൽ ഫ്രെയിംവർക്ക് (ഇ.സി.എഫ്) പരിശോധിക്കാനായി നിയമിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ 90 ദിവസമാണ് അനുവദിച്ചതെങ്കിലും പിന്നീട് മൂന്നുമാസം കൂടി അധികമായി നൽകി. റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥൻ, മുൻ ഡെപ്യൂട്ടി ഗവർണർ രാകേഷ് മോഹൻ, ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, റിസർവ് ബാങ്ക് സെൻട്രൽ ബോർഡംഗങ്ങളായ ഭാരത് ദോഷി, സുധീർ മങ്കാദ് എന്നിവരാണ് മറ്ര് പാനൽ അംഗങ്ങൾ.

നിലവിൽ, ഏകദേശം 9.59 ലക്ഷം കോടി രൂപയുടെ കരുതൽ ധനശേഖരം റിസർവ് ബാങ്കിന്റെ കൈവശമുണ്ട്. ഇതിൽ നല്ലൊരു പങ്ക് സർക്കാരിന് നൽകണമെന്ന് അരുൺ ജയ്‌റ്ര്‌ലി ധനമന്ത്രിയായിരിക്കേ ആവശ്യപ്പെട്ടത്, റിസർവ് ബാങ്കും സർക്കാരും തമ്മിലെ തർക്കത്തിന് വഴിതെളിച്ചിരുന്നു. മുൻ ഗവർണർ ഉർജിത് പട്ടേലിന്റെയും പിന്നീട് ഡെപ്യൂട്ടി ഗവർണർ വിരാൽ വി. ആചാര്യയുടെയും രാജിയിലേക്ക് വഴിവച്ചതും ഈ തർക്കമാണ്.

പണം കൈമാറ്റം

ഘട്ടംഘട്ടമായി?

റിസർവ് ബാങ്ക് സർക്കാരിന് സർപ്ളസ് നൽകുന്നതിന് ബിമൽ ജലാൻ പാനലും അനുകൂലമാണെന്നാണ് സൂചന. സർപ്ളസ് മൂന്നു മുതൽ അഞ്ചുവർഷം കൊണ്ട് ഘട്ടംഘട്ടമായി കൈമാറണമെന്ന നിർദേശമാണ് പാനൽ സമർപ്പിക്കുകയെന്ന് അറിയുന്നു.

28%

റിസർവ് ബാങ്കിന്റെ കൈവശം 9.59 ലക്ഷം കോടി രൂപയുടെ കരുതൽ ധനമുണ്ട്. ബാങ്കിന്റെ മൊത്തം ആസ്‌തിയുടെ 28 ശതമാനമാണിത്. ആഗോളതലത്തിൽ കേന്ദ്രബാങ്കുകളുടെ കരുതൽ ധനം ആസ്‌തിയുടെ 14-16 ശതമാനം മാത്രമാണ്. റിസർവ് ബാങ്കിന്റെ ശേഖരവും ഇതേനിരക്കിൽ നിയന്ത്രിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ബാക്കിപ്പണം സർക്കാരിന് നൽകണമെന്നും.

₹90,000 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം ലാഭവിഹിതമായി (ഡിവിഡന്റ്) 68,000 കോടി രൂപ സർക്കാരിന് റിസർവ് ബാങ്ക് നൽകിയിരുന്നു. നടപ്പുവർഷം പ്രതീക്ഷിക്കുന്നത് 90,000 കോടി രൂപയാണ്. ഇതിന് പുറമേയാണ്, സർപ്ളസ് തേടുന്നത്.

സർക്കാരിന്

എന്തിനീ പണം?

ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നിയന്ത്രിക്കുമെന്ന് ബഡ്‌ജറ്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേമപദ്ധതികളും മറ്റ് ചെലവുകളും ധാരാളമുള്ളതിനാൽ ഈ ലക്ഷ്യം കാണുക സർക്കാരിന് ബുദ്ധിമുട്ടാണ്. റിസർവ് ബാങ്കിന്റെ അധികപ്പണം ലഭിച്ചാൽ ധനക്കമ്മി നിയന്ത്രിക്കുകയുമാകാം, ക്ഷേമപദ്ധതികൾക്ക് പണം വിനിയോഗിക്കാനും കഴിയും.