സോനഭദ്ര: വസ്തു തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പിൽ മൂന്ന് സ്ത്രീകളുൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. യു.പിയിലെ സോനഭദ്ര ജില്ലയിൽ ഉഭയിലാണ് സംഭവം. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടുവർഷം മുമ്പ് ഗ്രാമത്തലവനായ യാഗ്യ ദത്ത്, പ്രദേശത്തെ 36 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. യാഗ്യ ദത്തും അനുയായികളും ഇന്നലെ ഇവിടം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കാനൊരുങ്ങിയപ്പോൾ, ഗ്രാമവാസികൾ എതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്നവർ ഗ്രാമവാസികൾക്കെതിരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗ്രാമമുഖ്യൻ വാങ്ങിയ സ്ഥലത്തെച്ചൊല്ലി നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. നാട്ടുകാർ തന്റെ സ്ഥലം കൈയേറിയെന്ന് ഗ്രാമമുഖ്യൻ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് സംഘർഷം ഒഴിവാക്കാൻ ഇരുവിഭാഗങ്ങളോടും പൊലീസ് നിർദ്ദേശിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടവും തുടങ്ങിവച്ചിരുന്നു. ഇതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ കർശനനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംഭവത്തിൽ യു.പി സർക്കാരിനെതിരെ കടുത്ത വിമർശവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിട്ടുണ്ട്.