ന്യൂഡൽഹി: ഇരുകൈകളിലും തോക്കുമായി ആഘോഷ നൃത്തം ചെയ്ത ഉത്തരാഖണ്ഡ് എം.എൽ.എയെ ആറുവർഷത്തേക്ക് ബി.ജെ.പി പുറത്താക്കി. ഉത്തരാഖണ്ഡ് എം.എൽ.എയായ പ്രണവ് സിംഗ് ചാംപിയനെയാണ് പാർട്ടി പുറത്താക്കിയത്. മാദ്ധ്യമ പ്രവർത്തകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിന് പ്രണവ് നേരത്തേ തന്നെ സസ്പെൻഷനിലായിരുന്നു. തോക്കുകളേന്തി എം.എൽ.എ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഉത്തരാഖണ്ഡിൽ മറ്റാർക്കും ഇതു ചെയ്യാനാവില്ല എന്ന് അനുയായികൾ പ്രണവ് സിംഗിനെ പ്രശംസിക്കുന്നതും അതിനോടു പ്രണവ് സിംഗ്, ഉത്തരാഖണ്ഡിലല്ല, ഇന്ത്യയിൽ തന്നെ ആർക്കും പറ്റില്ല എന്ന് മറുപടി പറയുന്നതും വീഡിയോയിൽ കേൾക്കാം. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു പ്രണവ് സിംഗ് എന്നാണ് റിപ്പോർട്ടുകൾ. വീട്ടിലേക്കുള്ള മടങ്ങിവരവ് അനുയായികളോടൊപ്പം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.