കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ തരംഗമായികൊണ്ടിരിക്കുന്ന ആപ്പാണ് ഫേസ് ആപ്പ്. പോസ്റ്റ് ചെയ്യുന്ന ഫോട്ടോയുടെ പ്രായം വർദ്ധിപ്പിക്കാൻ കഴിയുന്ന ആപ്പാണിത്. പോസ്റ്റ് ചെയ്യുന്ന ഫോട്ടോയുടെ അതേ രൂപം വൃദ്ധരാക്കാൻ കഴിയുന്ന ഈ ആപ്പിന് ആരാധകർ ഏറെയാണ്. നിരവധി സിനിമാ താരങ്ങളുടെ ഫോട്ടോയും ആ ആപ്പിലൂടെ 'പ്രായമാക്കി' സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ്.
വയസാകുന്ന ഫോട്ടോകൾ താരങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്. വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, നമിതാ പ്രമോദ്, അനു സിത്താര, സംയുക്താ മേനോൻ, ആന്റണി വർഗീസ്, ജയസൂര്യ, ജോജു ജോർജ് തുടങ്ങിയ താരങ്ങളും ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ ഫോട്ടോയെ കുറിച്ചുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഹരീഷ് കണാരൻ, നടനും അവതാരകനുമായ ആദിൽഇബ്രാഹിം എന്നിവർ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. ഇരുവരും ഫോട്ടോയിൽ 'വാർദ്ധക്യ'ത്തിലെത്തി നിൽക്കുന്നവരായി പ്രത്യക്ഷപ്പെടുന്നുവെങ്കിലും മമ്മൂട്ടി ഇരു ചിത്രങ്ങളിലും ഒരുപോലെയിരിക്കുന്നു. ഫേസ് ആപ്പ് തനിക്കു മാത്രമേ ശരിയായുള്ളൂവെന്നും കൂടെ നിൽക്കുന്ന മറ്റേയാൾക്ക് പ്രായം ഒരു വിഷയമേ അല്ലാത്തതാകും ഇതിനു കാരണമെന്നും ആദിൽ ചിത്രത്തിന് താഴെ കുറിക്കുന്നു.