ബംഗളൂരു: അവിശ്വാസപ്രമേയത്തിൽ ആടിയുലഞ്ഞ് കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാർ.
പുറത്തുപോയ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതി വിധിയെങ്കിലും തിരികെ വരില്ലെന്ന് എം.എൽ.എമാർ ഉറച്ചനിലപാട് എടുത്തതോടെ, സംസ്ഥാനഭരണം കൈവിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഏറക്കുറെ ഉറപ്പായി. ഇന്ന് നടക്കുന്ന അവിശ്വാസ വോട്ടെടുപ്പിൽ വിമത എം.എൽ.എമാർ പങ്കെടുക്കില്ലെന്നാണ് സൂചന. മാത്രമല്ല, വിമത എം.എൽ.എമാർ സഭാനടപടികളിൽ പങ്കെടുക്കണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ പാർട്ടികൾക്ക് വിപ്പ് കർശനമാക്കാനുമാകില്ല.
അതേസമയം, കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം ഇന്ന് രാജിവച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മുംബയിലെ ഹോട്ടലിൽ കഴിയുന്ന എം.എൽ.എമാർ ഇന്നത്തെ അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വന്നാൽ, സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനുള്ള സാദ്ധ്യതകളാണ് അസ്തമിക്കുന്നത്.
രാജിവച്ച 16 എം.എൽ.എമാരിൽ 15 പേരാണ്, രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ കക്ഷിചേരാതിരുന്ന കോൺഗ്രസ് വിമത എം.എൽ.എ രാമലിംഗ റെഡ്ഡി രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസിന് അല്പം ആശ്വാസം പകരുന്നതാണെങ്കിലും സർക്കാർ താഴെവീഴാതിരിക്കാൻ അതു മതിയാകില്ല.
നിലവിലെ സാഹചര്യത്തിൽ, എം.എൽ.എമാരെ അയോഗ്യരാക്കിയാലും, അവരുടെ രാജി സ്വീകരിച്ചാലും സർക്കാർ താഴെവീഴും. കാരണം, ഇപ്പോഴത്തെ കേവലഭൂരിപക്ഷത്തിനാവശ്യമായ 105 സീറ്റുകൾ ബി.ജെ.പിയുടെ അക്കൗണ്ടിലുണ്ട്.
നിലവിലെ കക്ഷിനില
രാജിവച്ച വിമതർ - 16 (കോൺഗ്രസ് -13, ദൾ-3)
ബി.ജെ.പി സഖ്യം-107 (ബി.ജെ.പി -105, സ്വതന്ത്രൻ -1 കെ.പി.ജെ.പി-1
കോൺ-ദൾ സഖ്യം - 101 (കോൺഗ്രസ്- 66, ദൾ- 34, ബിഎസ്.പി -1)
രാജികൾ അംഗീകരിച്ചാൽ നിയമസഭയിലെ അംഗബലം - 208
കേവല ഭൂരിപക്ഷത്തിനു വേണ്ടത് -105