തിരുവനന്തപുരം : പൊലീസുകാരിൽ ചിലർ സർക്കാരിനെ ഒറ്റുകൊടുത്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവിന്റെ മറുപടി. ശബരിമലയിലെ വിവരങ്ങൾ ആർ.എസ്.എസിന് ചോർത്തിക്കൊടുത്ത പൊലീസുകാർ സേനയിൽ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസിന് വിവരം ചോർത്തിയവർ ആരെന്ന് പ്രഖ്യാപിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പൊലീസ് സേനയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാൻ പിണറായി വിജയൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അശക്തനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.